കൊച്ചി- തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള കേന്ദ്ര ജിഎസ്ടി, കസ്റ്റംസ് ഫ്‌ളൈയിംഗ് സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. സെന്‍ട്രല്‍ ജി എസ് ടി ആന്‍ഡ് കസ്റ്റംസ് കൊച്ചി കമ്മീഷണറേറ്റില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍. ഉദയ് ഭാസ്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. അഡീഷണല്‍ കമ്മീഷണര്‍ ടി.പി.അന്‍വര്‍ അലി, അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. സുരേഷ്, സൂപ്രണ്ടുമാരായ ബെലിന്‍ഡ റെബല്ലോ, എസ്.എ. മധു എന്നിവര്‍ പങ്കെടുത്തു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, പാരിതോഷികം, മദ്യം, നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങളുടെ കടത്ത് എന്നിവ കണ്ടെത്തുന്നതിന് സംസ്ഥാനത്തുടനീളം ഫ്‌ളൈയിംഗ് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമും ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പറും, ഇ മെയില്‍ വിലാസവും വകുപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 04842394105 നമ്പറിലോ, [email protected] എന്ന ഇമെയിലിലോ അതുമല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും ജിഎസ്ടി, കസ്റ്റംസ് ഓഫീസുകളിലോ ബന്ധപ്പെടാവുന്നതാണ്.