കണ്ണൂർ- വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തെ പുകമറയിൽ നിർത്താൻ ശ്രമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. കാരാട്ട് റസാഖിന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ. വ്യാജ ഏറ്റുമുട്ടൽ നടത്തി നേരെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആ കേസിന്റെ പേരിൽ ആരെയാണ് ചാർജ് ഷീറ്റ് ചെയ്തത്. അത്ര വലിയ മറവി അമിത്ഷാക്ക് ഉണ്ടാകാനിടയില്ല. ആ പ്രതിയുടെ പേര് അമിത് ഷാ എന്നായിരുന്നു. ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കാൻ നോക്കണ്ട. ആ കേസ് കേൾക്കാനിരുന്ന സി.ബി.ഐ ജഡ്ജ് ലോധ ദുരൂഹ സഹചര്യത്തിൽ മരിച്ചു. അതിലും ദുരൂഹതയുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബം നീതിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നും പിണറായി ആരോപിച്ചു.
ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടി വരും. ഒറ്റ ദിവസം കൊണ്ട് പതിനാറ് ഇരട്ടി സമ്പാദ്യമുണ്ടാക്കി അച്ഛാദിൻ ഉണ്ടാക്കിയത് ഓർമ്മയുണ്ടാകും. നിങ്ങളുടെ സംസ്‌കാരം വെച്ച് മറ്റുള്ളവരെ അളക്കാൻ ശ്രമിക്കരുതെന്നും പിണറായി മുന്നറിയിപ്പ് നൽകി.