പറവൂർ- വീട്ടുടമയായ വിധവയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ.
പുത്തൻവേലിക്കരയിൽ പാലാട്ടി പരേതനായ ഡേവിസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശി മുന്ന എന്ന പരിമൽ സാഹു (26) വിനാണ് പറവൂർ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാല വധശിക്ഷ വിധിച്ചത്.
2018 മാർച്ച് 18ന് രാത്രിയോ 19ന് പുലർച്ചെയോ ആണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായിരുന്നു. ഐപിസി സെക്‌ഷൻ 376 എ പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വകുപ്പ് 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു.
മോളിയുടെ മകന് ഈ പിഴത്തുക നൽകുന്നതിനാണ് ഉത്തരവ്. ആലുവ എഎസ്പി സുജിത്ത് ദാസ്, വടക്കേക്കര സിഐ എം.കെ.മുരളി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്.