തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചതായി മൊഴി. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ സിജി വിജയനാണ് ഇങ്ങനെ മൊഴി നൽകിയത്.
സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടര്‍ന്നാണു യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നു കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇ.ഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ഏറ്റെടുത്തിരിക്കയാണെന്ന് മുഖ്യമന്ത്രിയും ഇടതുമുന്നണി നേതാക്കളും ആരോപിച്ചിരുന്നു.