Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് യു.ഡി.എഫ് സീറ്റ് വിഭജനം പൂർണം; വടകരയിൽ ആർ.എം.പി

കോഴിക്കോട്- ജില്ലയിൽ യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർണമായി. വടകര ആർ.എം.പിക്കും എലത്തൂർ മാണി സി.കാപ്പന്റെ പാർട്ടിക്കും നൽകും. തിരുവമ്പാടിയിൽ ലീഗ് തന്നെ മത്സരിക്കും. കുന്ദമംഗലവും ബാലുശ്ശേരിയും ലീഗും കോൺഗ്രസും വെച്ചുമാറും. പേരാമ്പ്രയിൽ ലീഗും കോൺഗ്രസും താൽപര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെയേ പേരാമ്പ്ര ആർക്കെന്ന് വ്യക്തമാകൂ. 
ബേപ്പൂർ, കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കൊയിലാണ്ടി, നാദാപുരം എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസും കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി, കുറ്റിയാടി, കുന്ദമംഗലം മണ്ഡലങ്ങളിൽ ലീഗും സ്ഥാനാർഥികളെ നിർത്തും. എലത്തൂർ മാണി സി.കാപ്പന്റെ പാർട്ടിക്കും വടകര ആർ.എം.പിക്കുമാണ്. 2016 ൽ ബാലുശ്ശേരി പട്ടികജാതി സംവരണ മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ യു.സി.രാമനും കുന്ദമംഗലത്ത് കോൺഗ്രസിലെ ടി. സിദ്ദിഖുമാണ് മത്സരിച്ചത്. കേരള കോൺഗ്രസ് (മാണി) ആണ് പേരാമ്പ്രയിൽ മത്സരിച്ചിരുന്നത്. എലത്തൂരിലും വടകരയിലും വീരേന്ദ്രകുമാറിന്റെ എൽ.ജെ.ഡിയും സ്ഥാനാർഥികളെ നിർത്തി. ഈ രണ്ടു പാർട്ടികളും എൽ.ഡി.എഫിലേക്ക് പോയി. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് ഏറ്റെടുത്ത് ക്രിസ്ത്യൻ സ്ഥാനാർഥിയെ നിർത്തണമെന്ന ആവശ്യം സഭ ഉയർത്തിയിരുന്നത് ലീഗിന് പ്രയാസം സൃഷ്ടിച്ചിരുന്നുവെങ്കിലും ലീഗ് നേതാക്കൾ സഭാ നേതാക്കളെ കണ്ട് ചർച്ച ചെയ്ത് പ്രശ്‌നം ലഘൂകരിച്ചിട്ടുണ്ടെന്നാണ് സൂചന. 
ഡോ. എം.കെ. മുനീർ, പാറക്കൽ അബ്ദുല്ല എന്നീ സിറ്റിംഗ് എം.എൽ.എമാർ ഇക്കുറിയും മത്സരിക്കും. ഏഴാമത്തെ മത്സരത്തിനാണ് മുനീർ തയാറെടുക്കുന്നത്. പാറക്കൽ കന്നി മത്സരത്തിൽ ജയിച്ചു. ഇത് രണ്ടാമത്തേതാണ്. പാറക്കൽ കുറ്റിയാടിയിൽ തന്നെ ജനവിധി തേടും. മുനീർ കോഴിക്കോട് സൗത്തിൽ മത്സരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. മണ്ഡലം ഐ.എൻ.എല്ലിന് നൽകുന്നുവെന്ന സൂചനയിൽ മുനീർ കോഴിക്കോട് സൗത്തിൽ തന്നെ തുടർന്നേക്കും. കോൺഗ്രസിൽ നിന്ന് കെ.സി.അബു, പി.എം നിയാസ്, കെ.പി.അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, പ്രവീൺകുമാർ, യു.രാജീവൻ തുടങ്ങിയവർ ജനവിധി തേടാൻ തയാറെടുക്കുന്നു. ഉമ്മർ പാണ്ടികശാല, എം.എ. റസാഖ്, വി.എം. ഉമ്മർ മാസ്റ്റർ, പി.കെ.ഫിറോസ്, സി.പി. ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം തുടങ്ങിയവരാണ് ലീഗിൽ നിന്ന് സ്ഥാനാർഥികളാകാൻ പരിഗണിക്കുന്നത്. വടകരയിൽ ആർ.എം.പിയിൽ നിന്ന് കെ.കെ രമ വേണമെന്നാണ് യു.ഡി.എഫ് നിലപാട്. ഇല്ലെങ്കിൽ എൻ.വേണു മത്സരിക്കും. എലത്തൂരിൽ മത്സരിക്കാൻ മാണി സി.കാപ്പൻ ആളെ തേടിക്കൊണ്ടിരിക്കുകയാണ്. എൻ.സി.പിയിൽ നിന്ന് ആളുകളെ അടർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
 

Latest News