Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ വര്‍ഗീയത: വിജയരാഘവനു പറ്റിയ നാക്കുപിഴയാണ് ശരിയെന്ന് ഹമീദ് ചേന്ദമംഗലൂര്‍

കോഴിക്കോട്- കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത കൂടുതല്‍ തീവ്രമാണെന്ന സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്റെ നിലപാടാണ് ശരിയെന്ന് ഇടതു സഹയാത്രികനായ ഹമീദ് ചേന്ദമംഗലൂര്‍. ഹിന്ദു വര്‍ഗീയതെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തല സംഘടനകളും ആശ്ലേഷിക്കുമെന്ന് സമകാലികമലയാളത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ന്യൂനപക്ഷ വര്‍ഗ്ഗീയതകൊണ്ടല്ല നേരിടേണ്ടതെന്നു വ്യക്തമാക്കിയ വിജയരാഘവന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത കൂടുതല്‍ തീവ്രമാണെന്നു പറഞ്ഞിരുന്നുവെങ്കിലും ഈ 'തീവ്ര'പ്രയോഗം നാക്കു പിഴയാണെന്ന്  പിന്നീട് തിരുത്തിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/03/07/hameedchennamangalore.jpg

ഹമീദ് ചേന്ദമംഗലൂര്‍

മുസ്ലിം വര്‍ഗ്ഗീയതയെക്കുറിച്ച് വല്ലവരും വിമര്‍ശനാത്മകമായി വല്ലതും ഉച്ചരിച്ചുപോയാല്‍ അങ്ങനെയൊരു പ്രതിഭാസമേയില്ലെന്നു ഘോഷിക്കാന്‍ ലീഗും ജമാഅത്തും മാത്രമല്ല, അവയില്‍നിന്നു പില്‍ക്കാലത്ത് പൊട്ടിമുളച്ചുണ്ടായ കൂട്ടായ്മകളും ചാടിവീഴും. അവരുടെ കാഴ്ചപ്പാടില്‍ ഇന്ത്യയില്‍ ഒരൊറ്റ വര്‍ഗ്ഗീയതയേയുള്ളൂ. അത് ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ്. ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീയതയെ മാത്രം വിമര്‍ശിക്കുന്നവരെ ലീഗും ജമാഅത്തും അവയുടെ കോന്തലസംഘടനകളും ആശ്ലേഷിക്കും. ന്യൂനപക്ഷ മുസ്ലിം വര്‍ഗ്ഗീയത കൂടി ഒരു മൂര്‍ത്ത യാഥാര്‍ത്ഥ്യമാണെന്നു വിലയിരുത്തുകയും ഹിന്ദു വര്‍ഗ്ഗീയതയോടൊപ്പം അതിനെക്കൂടി വിമര്‍ശനവിധേയമാക്കുകയും ചെയ്യുന്നവരെ കൊടും ശത്രുക്കളായാണ് അവര്‍ കാണുക. ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും മതമൗലിക വാദത്തേയും വിമര്‍ശിക്കുന്നവര്‍ക്ക് 'മൃദു ഹിന്ദുത്വവാദികള്‍' എന്ന ലേബല്‍ അവര്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ഇ.എം.എസ്., വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖ സി.പി.എം നേതാക്കളെ വരെ അവര്‍ മൃദുഹിന്ദുത്വവാദികള്‍ എന്നു ചാപ്പകുത്തിയതിനു ചരിത്രം സാക്ഷിയാണ്.
ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സി.പി.എമ്മിന്റെ മറ്റൊരു നേതാവിനുകൂടി ലീഗ്, ജമാഅത്ത് പ്രഭൃതികള്‍ മൃദുഹിന്ദുത്വവാദിപ്പട്ടം നല്‍കിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവനാണ് അവരുടെ പുതിയ ഇര- ഹമീദ് ചേന്ദമംഗലൂര്‍ ലേഖനത്തില്‍ പറയുന്നു.
വിവാദത്തിനു വഴിവെച്ച പ്രസംഗം നടത്തുമ്പോള്‍ അദ്ദേഹം സംസാരിച്ചത് ദേശീയ പശ്ചാത്തലം മുന്നില്‍ വെച്ചല്ല; കേരളീയ പശ്ചാത്തലം മുന്നില്‍ വെച്ചാണ്. ദേശീയാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഏറ്റവും വലുതും തീവ്രവും കൂടുതല്‍ അപകടകരവും ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെന്ന് അറിയാത്ത ആളല്ല ഇടതുമുന്നണി കണ്‍വീനര്‍. പക്ഷേ, കേരളാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയത ഏതാനും ദശകങ്ങളായി ഇവിടെ കൂടുതല്‍ ശക്തമാണ്. ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നിയമസഭാംഗമെങ്കിലും 2016ല്‍ മാത്രമാണെങ്കില്‍, മുസ്ലിം ലീഗ് ഇവിടെ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മാറി മാറി ഭരണകക്ഷിയായിരുന്നിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലപേശല്‍ ത്രാണിയുള്ള വര്‍ഗ്ഗീയ കക്ഷി ചിരകാലമായി ലീഗാണ്. ലീഗിന്റെ വിതാനത്തില്‍ ബി.ജെ.പി എത്തണമെങ്കില്‍ ആ പാര്‍ട്ടി ഇനിയും അനേക സഹസ്രകാതങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു- ലേഖനത്തില്‍ വിലയിരുത്തി.

 

Latest News