റിയാദ് - സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ (സൗദിയ) 60 പൈലറ്റുമാരെ വിദേശ ഏജന്‍സികളും വകുപ്പുകളും കരിമ്പട്ടികയില്‍ പെടുത്തിയതായ വാര്‍ത്ത സൗദിയ അധികൃതര്‍ നിഷേധിച്ചു.
സൗദിയക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരാളും കരിമ്പട്ടികയില്‍ ഇല്ലെന്ന് സൗദിയ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഥാമിര്‍ ബിന്‍ സ്വാലിഹ് അല്‍ഖുവൈത്തിര്‍ പറഞ്ഞു.
വാര്‍ത്തകളില്‍ പറയുന്നതുപോലെ വിമാനം പറത്തുന്നതിന് വിലക്കുള്ള സൗദി പൈലറ്റുമാരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥിരം പട്ടികയില്ലെന്ന് സൗദിയ വക്താവ് എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ത്വയ്യിബ് വ്യക്തമാക്കിയിരുന്നു. ചില പൈലറ്റുമാര്‍ക്ക് ഇടക്കിടക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരം കാണുകയാണ് പതിവെന്നും സൗദിയ വക്താവ് പറഞ്ഞു.
കരിമ്പട്ടികയില്‍പെടുത്തിയത് മറ്റു രാജ്യങ്ങളില്‍ പൈലറ്റുമാര്‍ അന്വേഷണങ്ങള്‍ നേരിടുന്നതിനും കസ്റ്റഡിയിലാകുന്നതിനും ഇടയാക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍. പൈലറ്റ് ലൈസന്‍സ് പുതുക്കാത്തതിനാണ് ഇവരെ വിദേശ വകുപ്പുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയതെന്നും ചില രാജ്യങ്ങളില്‍ വിമാനം പറത്താന്‍ സാധിക്കാത്തതില്‍ പൈലറ്റുമാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കരിമ്പട്ടികയില്‍ പെടുത്തിയ ചില പൈലറ്റുമാരെ അതേ വിമാനങ്ങളില്‍ തന്നെ ചില രാജ്യങ്ങള്‍ തിരിച്ചയക്കുന്നുണ്ട്. മറ്റു ചില രാജ്യങ്ങളിലെ സുരക്ഷാ വകുപ്പുകള്‍ പൈലറ്റുമാരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയ ശേഷം വിട്ടയക്കുകയാണ് ചെയ്യുന്നത്. കരിമ്പട്ടികയില്‍ പെടുത്തിയത് പൈലറ്റുമാര്‍ പലവിധ പ്രശ്‌നങ്ങളും നേരിടുന്നതിന് ഇടയാക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.