കണ്ണൂർ- പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്നും കണ്ണൂരിലെ പാർട്ടിയില്‍ കലാപമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി.
സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും എതിർപാർട്ടിക്ക് നേട്ടമുണ്ടാക്കും. എന്നാൽ തങ്ങളത് പ്രതീക്ഷിക്കുന്നില്ലെന്നും അത് കണ്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പി. ജയരാജനും പാർട്ടിയും ഒറ്റക്കെട്ടായി നിന്നാലും കണ്ണൂരിൽ യുഡിഎഫ് പിടിക്കേണ്ട സീറ്റുകൾ പിടിച്ചിരിക്കും. ആർഎസ്എസുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മാസ്റ്റർ നിഷേധിച്ച കാര്യം പി. ജയരാജൻ ശരിയാണെന്ന് പറഞ്ഞിട്ടുണ്ട്. സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. ഈ വിഷയത്തിലും സിപിഎമ്മിൽ കലാപം നടക്കുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
ഉറാപ്പാണ് എൽഡിഎഫ് എന്നാണ് പറയുന്നത്. എന്നാൽ എൽഡിഎഫിന് ജയിലാണ് ഉറപ്പെന്ന് അദ്ദേഹം പരിഹസിച്ചു. ഹൈക്കമാൻഡ് ദൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തന്നോട് ആരും സംസാരിച്ചിട്ടില്ല. എന്നാൽ അനൗദ്യോഗിക സംഭാഷണങ്ങളിൽ ഇക്കാര്യം സ്ഥിരമായി കടന്ന് വരാറുണ്ടെന്നും സുധാകരൻ പറഞ്ഞു.
സ്ഥാനാർഥി പട്ടിക പത്താം തിയതിക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.