മക്ക - മൂന്നാഴ്ച മുമ്പ് ജഅ്‌റാനയില്‍ വിജനമായ സ്ഥലത്തു വെച്ച് യുവാവിനെ കൊലപ്പെടുത്തിയ രണ്ടംഗ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ സൗദിയും രണ്ടാമന്‍ മാലിക്കാരനുമാണ്. ദുരൂഹ സാഹചര്യത്തില്‍ 31 കാരനെ കാണാതായതായി യുവാവിന്റെ കുടുംബം പതിനെട്ടു ദിവസം മുമ്പ് പോലീസില്‍ അറിയിക്കുകയായിരുന്നു.
യുവാവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ അസീസിയ ഡിസ്ട്രിക്ടിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കണ്ടെത്തി. ഈ ഫോണില്‍ നിന്ന് അവസാനമായി കോള്‍ വിളിച്ചത് കടയില്‍ ഫോണ്‍ വില്‍പന നടത്തിയ വ്യക്തിക്കാണെന്ന് വ്യക്തമായി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ ഈ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജഅ്‌റാനയില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തിയതായി സൗദി യുവാവ് സമ്മതിച്ചു. കൊലപാതകത്തിന് മാലിക്കാരന്‍ തന്നെ സഹായിച്ചതായും പ്രതി സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട നിലയിലാണ് വിജനമായ സ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.