- ഹാദിയയുടെ വാർത്താ സമ്മേളനം കോടതിയലക്ഷ്യമാണെന്നും പരാതി നൽകുമെന്നും പിതാവ് അശോകൻ
സേലം/കൊച്ചി- താൻ ഇഷ്ടപ്പെടുന്നവരെ കാണാനുള്ള സ്വാതന്ത്ര്യം ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നു സേലത്തെ ശിവരാജ് കോളേജിൽ വാർത്താസമ്മേളനത്തിൽ ഹാദിയ. അതിനുള്ള സ്വാതന്ത്ര്യം ലഭിക്കുമോ എന്ന് രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അറിയാനാകും. അതേസമയം, ഭർത്താവ് ഷെഫിൻ ജഹാനെ കാണാൻ ഹാദിയയെ അനുവദിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.
സുപ്രീം കോടതി നിർദേശപ്രകാരം ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ ഇന്നലെ രാവിലെ ഏഴു മണിയോടെ സേലത്തെ കോളേജിലെത്തിയ ഹാദിയ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹോസ്റ്റലിൽ പ്രവേശം നേടി. തമിഴ്‌നാട് പോലീസിന്റെ കനത്ത സുരക്ഷയിലാണ് ഹാദിയ ഉള്ളത്. എം.ജി.ആർ യൂനിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ് ശിവരാജ് കോളേജ്. പ്രവേശനം സംബന്ധിച്ച് അനുമതി സർവകലാശാലയിൽനിന്ന് ലഭിച്ചാലുടൻ ഹാദിയയുടെ ഹൗസ് സർജൻസി ആരംഭിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും ഹാദിയ പറഞ്ഞു. സുപ്രീം കോടതിയിൽ താൻ ആവശ്യപ്പെട്ടത് സ്വാതന്ത്ര്യമാണ്. തന്റെ ഭർത്താവിനെ കാണാനുള്ള സ്വാതന്ത്ര്യം. എന്നാൽ അത് ലഭിച്ചോ എന്ന് വ്യക്തമല്ല. കോളേജ് അധികൃതർക്കും ഇക്കാര്യം വ്യക്തമല്ല. ഒന്നു രണ്ടു ദിവസത്തിനകം ഇക്കാര്യം വ്യക്തമാകുമെന്നാണ് കരുതുന്നത്. പോലീസിന്റെ സുരക്ഷാ വലയം താൻ ആവശ്യപ്പെട്ടതല്ല. 24 മണിക്കൂറും പോലീസ് വലയത്തിലായിരിക്കാൻ ആഗ്രഹമില്ലെന്നും അവർ പറഞ്ഞു.
മാനസിക നില ശരിയല്ലെന്ന വാദത്തെക്കുറിച്ചു ചോദിച്ചപ്പോൾ അതു പരിശോധിക്കാമെന്നു ഹാദിയ വ്യക്തമാക്കി. മാനസിക നിലയ്ക്കു കുഴപ്പമില്ല എന്നു താൻ തന്നെ പറഞ്ഞാൽ അതിന് വിലയുണ്ടാകില്ല. തന്റെ വീട്ടുകാർ തന്നെ മാനസിക രോഗിയായി മുദ്ര കുത്തിയെന്ന് വിതുമ്പുന്ന സ്വരത്തിൽ ഹാദിയ പറഞ്ഞു. അതിനാൽ പരിശോധിക്കാം. ആദ്യം ഭർത്താവ് ഷെഫിനെ കാണാനാണ് ആഗ്രഹം. ആറു മാസം വീട്ടുകാരുടെ കൂടെയായിരുന്നല്ലോ. ഷെഫിൻ ഭർത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭർത്താവാണെന്നാണ് താൻ കോടതിയിൽ പറഞ്ഞത്. മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. സേലത്ത് എത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണിൽ സംസാരിച്ചു -ഹാദിയ പറഞ്ഞു.
ഷെഫിൻ ജഹാനെ ആദ്യം വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ ഇന്നലെ വൈകിട്ട് ഷെഫിൻ വിളിച്ചുവെന്നും സംസാരിച്ചുവെന്നും ഹാദിയ പിന്നീട് അറിയിച്ചു.
വീട്ടിൽ അന്യായ തടങ്കലായിരുന്നുവെന്നും താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നും ഹാദിയ തുറന്നു പറഞ്ഞു.
മതപരിവർത്തനത്തിന് യഥാർഥത്തിൽ ശ്രമിച്ചത് വീട്ടുകാരും തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററുകാരുമാണ്. ഇവർ വീട്ടിലെത്തുകയും തന്നെ മതം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തു.
തിരിച്ചുവന്നുവെന്നു വ്യക്തമാക്കി വാർത്താസമ്മേളനം നടത്താൻ അവർ ആവശ്യപ്പെട്ടു. കൗൺസലിംഗിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ പറഞ്ഞു.
വീട്ടിൽ താൻ ഏകാന്ത തടവിലായിരുന്നു. പത്രമോ ടി.വിയോ കണ്ടിരുന്നില്ല. തനിക്കിഷ്ടമുള്ള ആരെയും കാണാനോ സംസാരിക്കാനോ അനുവദിച്ചില്ല. തനിക്ക് ഇഷ്ടമില്ലാത്തവർ മാത്രമാണ് വീട്ടിൽ വന്നത്. അതിനാൽ പുറത്തു നടന്നത് എന്തൊക്കെയാണ് എന്ന് തനിക്കറിയില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഇതെല്ലാം മനസ്സിലാക്കിയ ശേഷം മാധ്യമങ്ങളോട് വിശദമായി സംസാരിക്കാമെന്നും ഹാദിയ പറഞ്ഞു.
ഹാദിയയെ കാണാൻ ഷെഫിൻ ജഹാനെ അനുവദിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ, ഹാദിയക്ക് കോളേജിൽ വാർത്താ സമ്മേളനം നടത്താൻ അനുമതി നൽകിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പിതാവ് അശോകൻ വൈക്കത്ത് വ്യക്തമാക്കി. കോടതിയലക്ഷ്യമാണ് നടന്നിരിക്കുന്നത്. ഷെഫിൻ ജഹാനെ മകളെ കാണാൻ അനുവദിക്കില്ലെന്നും അശോകൻ പറഞ്ഞു.