ആലപ്പുഴ- മന്ത്രി ജി.സുധാകരനു സീറ്റ് നിഷേധിച്ചതിനെതിരെ ആലപ്പുഴ വലിയചുടുകാട്ടിലും പി.കെ. ചന്ദ്രാനന്ദന്‍ സ്മാരകത്തിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. 'ജി ഇല്ലാതെ എന്ത് ഉറപ്പ്' എന്നെഴുതിയ പോസ്റ്ററിനൊപ്പം നിയുക്ത സ്ഥാനാര്‍ഥി എച്ച്. സലാമിനെ എസ്ഡിപിഐക്കാരനായും ചിത്രീകരിക്കുന്നു. പാര്‍ട്ടിക്ക് തുടര്‍ ഭരണം വേണ്ടേ, ജിയെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും, ജിയ്ക്ക് പകരക്കാരന്‍ എസ്ഡിപിഐക്കാരന്‍ സലാമോ, സുധാകരനെ മാറ്റിയാല്‍ മണ്ഡലത്തില്‍ തോല്‍ക്കും തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍. പോസ്റ്റര്‍ പതിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. പിന്നീട് ചില പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ നീക്കി.സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചയ്ക്കായി ഇന്നു ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ നടക്കുകയാണ്.