Sorry, you need to enable JavaScript to visit this website.

മലപ്പുറത്തിന്റെ കാവലാൾ ഗൂർഖാ റാംസിംഗ് ഇനി ഓർമ്മ: അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ

കൂട്ടിലങ്ങാടി- നാലു പതിറ്റാണ്ടോളം മലപ്പുറത്തിന്റെ നാട്ടുകാവൽക്കാരനായി മലപ്പുറത്തുകാരുടെ സ്നേഹം നുകർന്ന് നാടിന്റെ മണ്ണിലും നാട്ടുകാരുടെ മനസ്സിലും അലിഞ്ഞ് ചേർന്ന് ഗൂർഖാ പോലീസായി അറിയപ്പെട്ട നേപ്പാൾ സ്വദേശി  റാംസിങ്ങ് (73 ) ഇനി ഓർമ്മ. ഒടുവിൽ അന്ത്യവിശ്രമവും മലപ്പുറത്ത് തന്നെ:

  മലപ്പുറം നഗരസഭയിലും കൂട്ടിലങ്ങാടി, കോഡൂർ, കുറുവ ,ആനക്കയം പഞ്ചായത്തുകളിലുമായി കഴിഞ്ഞ 40 വർഷത്തോളം ഗൂർഖ പോലീസായി നടന്നിരുന്ന റാം സിംങ്ങിനെ കുറുവ കൂട്ടിലങ്ങാടിയിലെ താമസസ്ഥലത്ത് ലോഡ്ജ് മുറിയിൽ 4 ന് വ്യാഴാഴ്ചയാണ് ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാലു വർഷത്തോള
മായി ഇവിടെ ഒറ്റക്കായിരുന്നു താമസം. വാതിൽ അകത്തു നിന്നും അടച്ച് കിടന്നുറങ്ങിയ നിലയിലായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് നാലു ദിവസം പഴക്കമുള്ള ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്. ദിവസവും പുലർച്ചെ മുറിയിൽ നിന്ന് പുറത്ത് പോയി രാത്രിയിൽ വന്ന് കിടക്കാറാണ് പതിവ്. മൂന്ന് ദിവസമായി ഇദ്ദേഹത്തെ സ്ഥലത്ത് കാണാറില്ലായിരുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി കോട്ടക്കൽ ഉള്ള ഭാര്യാ സഹോദരനുമായി ഫോണിൽ സംസാരിച്ചതായി പറയുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ തട്ടാതെയും മുട്ടാതെയും നടക്കാൻ കഴിയാത്ത ഇക്കാലത്ത്  നേപ്പാളിലെ മഹീന്ദർ നഗറിൽ നിന്നും 35 വർഷം മുമ്പ് ഭാര്യാപിതാവിന്റെ കൂടെ നാട്ടുകാവലിനായി മലപ്പുറത്ത് എത്തിയതാണ് റാം സിംഗ്.  അതിനു മുമ്പ്  മുംബെ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു.
മലപ്പുറത്ത് എത്തിയതു മുതൽ കൂട്ടിലങ്ങാടി പാറടിയിലെ ക്വാർട്ടേഴ്സ് മുറിയിലായിരുന്നു താമസം.
ആദ്യ കാലങ്ങളിൽ കൃത്യം രണ്ട് വർഷം കൂടുമ്പോൾ  നാട്ടിലേക്ക് പോയി ഒരു മാസം അവിടെ താമസിച്ച ശേഷം തിരിച്ച് വരാറായിരുന്നു പതിവ്. ഭാര്യ കമലാക്ഷിയും 13 കാരനായ മകനും ഇടക്കാലത്ത് ഇവിടെ വന്ന് കൂടെ താമസിച്ചിരുന്നു. കാക്കിയും ചിലപ്പോൾ പച്ചയും കളറുകളിലെ പാന്റും ഷർട്ടും തൊപ്പിയും കൈയിൽ വിസിലുമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലുമായി ഉൾനാടുകളിലൂടെ സഞ്ചരിക്കുന്ന   റാംസിങ്ങിനെ കുട്ടികൾ മറഞ്ഞു നിന്ന് ഗൂർക്ക പോലീസേ എന്ന് വിളിച്ച് കൂവുമ്പോൾ ചെറുപുഞ്ചിരിയോടെ തിരിച്ച് സല്യൂട്ട് നൽകി നടന്നു നീങ്ങുന്നത് പതിവുകാഴ്ചയായിരുന്നു. ചോദിച്ചാൽ മാത്രം ചെറുചിരിയിൽ മറുപടി പറയുന്ന റാം സിങ്ങിന് നാടും നഗരവും  എല്ലാം സുപരിചിതമാണ്. അത്യാവശ്യം മലയാളം പറയുന്ന ഇദ്ദേഹത്തെ മലപ്പുറത്ത്  അറിയാത്തവരും ചുരുക്കം. കച്ചവടക്കാരും വീട്ടുകാരും നൽകുന്ന സംഭാവനകളുപയോഗിച്ചായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത്.
 കോട്ടക്കൽ, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിൽ ഇദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരുമായ പലരും പല ജോലികളിലുമായി കഴിയുന്നുണ്ട്.
   പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളെജിലേക്കയച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ മലപ്പുറം മുണ്ടുപറമ്പിലെ നഗരസഭാ പൊതു ശ്മശാനത്തിൽ ആചാര പ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം സംസ്ക്കരിച്ചു.

Latest News