കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ ഇടംനേടിയതിനെ പരിഹസിച്ച് പ്രമുഖ അഭിഭാഷകയും ഇടതു സഹയാത്രികയുമായ രശ്മിത രാമചന്ദ്രന്‍. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ ജനം ഊളത്തരമെന്ന് വിളിക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറയുന്നത്. 'അത് ചാണ്ടി സാറിന്റെയായാലും ബാലന്‍ സഖാവിന്റെയായാലും ശരി' അവര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടുമാണ് എന്നു പറഞ്ഞുകൊണ്ടാണ് രശ്മിതയുടെ വിമര്‍ശനം. മന്ത്രി എ .കെ ബാലന്റെ ഭാര്യ ജമീല ബാലന്‍ തരൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് രൂക്ഷ വിമര്‍ശനവുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍ രംഗത്തെത്തിയത്.
രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്. ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്ക്കൂ- അതിനി സ്ഥാനാര്‍ത്ഥിബന്ധു ചാണ്ടി സാറിന്റെയായാലും ശരി ബാലന്‍ സഖാവിന്റെയായാലും ശരി!'
സി പി എം സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച സംസ്ഥാന സമിതി വാര്‍ത്തകള്‍ വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ ഉയരുന്നത്. തൃശൂര്‍ മുന്‍ മേയറും സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ ഭാര്യയുമായ ആര്‍. ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടറും സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്റെ ഭാര്യയുമായ പി. കെ. ജമീലയാണ് തരൂരില്‍ സ്ഥാനാര്‍ഥി.
രണ്ടു ടേം നിബന്ധന കര്‍ശനമാക്കി സി.പി.എം. സ്ഥാനാര്‍ഥി പട്ടിക. ഇപ്പോഴത്തെ ധാരണപ്രകാരം 84 സീറ്റുകളിലാകും സി.പി.എം. മത്സരിക്കുക. അഞ്ചു മന്ത്രിമാരേയും സ്പീക്കറേയും ഒഴിവാക്കിയ പട്ടികയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.രാധാകൃഷ്ണ്‍, എം.വി. ഗോവിന്ദന്‍ എന്നിവരേയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലുപേരേയും ഉള്‍പ്പെടുത്തി. യുവാക്കള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കിയപ്പോള്‍ വനിതകളുടെ എണ്ണം കുറഞ്ഞു.
വിമര്‍ശനങ്ങളും പരാജയ ഭീതിയും വകവയ്ക്കാതെ രണ്ടും ടേം നിബന്ധന കര്‍ശനമായി പാലിക്കാനാണ് സി.പി.എം. തീരുമാനം. ഘടകവും ഗ്ലാമറും വിജയസാധ്യതയും നോക്കാതെ പ്രമുഖ നേതാക്കളെ ഒഴിവാക്കി. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക്ക്, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ക്ക് സീറ്റില്ല. സിറ്റിംഗ് എംഎല്‍എമാരില്‍ മുപ്പതോളം പേര്‍ക്കും വഴിമാറേണ്ടി വന്നു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ എം.വി.ഗോവിന്ദന്‍ തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. എന്നാല്‍ മുന്‍ സ്പീക്കര്‍ കൂടിയായ കെ. രാധാകൃഷ്ണന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. ഒരുതവണ മാത്രം എംഎല്‍എയായ യു.ആര്‍. പ്രദീപിനെ മാറ്റിയാണ് ചേലക്കരയിലേക്ക് വീണ്ടും രാധാകൃഷ്ണനെ കൊണ്ടുവരുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പാര്‍ട്ടി തീരുമാനം മറിച്ചായിരുന്നു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ്, ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം എം. വിജിന്‍, ജെയ്ക്ക് പി. തോമസ്, പാലക്കാട് ജില്ലാ പ്രസിഡന്റ് പി.പി. സുമോദ് തുടങ്ങി യുവജനവിദ്യാര്‍ഥി നേതാക്കള്‍ക്ക് നിറയെ അവസരം. സ്ഥാനാര്‍ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യം 12ല്‍ നിന്ന് 11 ആയി കുറഞ്ഞു. ഇതില്‍ ടി.എന്‍. സീമ സംസ്ഥാന സമിതിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാലുപേര്‍ക്ക് ഇളവു നല്‍കി. പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, വി.എന്‍. വാസവന്‍ എന്നിവര്‍ക്കാണ് സീറ്റ് ലഭിച്ചത്. ഷൊര്‍ണൂരില്‍ പി.കെ. ശശിക്ക് സീറ്റില്ലാതായതും മലമ്പുഴയില്‍ വിഎസിന്റെ വിശ്വസ്തനായിരുന്ന പ്രഭാകരന് സീറ്റ് ലഭിച്ചതും ശ്രദ്ധേയമായി. അരുവിക്കരയിലേക്ക് ജില്ലാ നേതൃത്വം നിര്‍ദശേിച്ച വി.കെ. മധുവിനെ മാറ്റി കാട്ടാക്കട ഏര്യാ സെക്രട്ടറി ജി. സ്റ്റീഫനെ തീരുമാനിച്ചത് അപ്രതീക്ഷിതമായിരുന്നു.