മാവേലിക്കര- വിശദാംശങ്ങള്‍ അന്വേഷിക്കാതെയും വസ്തുതകള്‍ പരിശോധിക്കാതെയും മെസേജുകളും വിഡിയോകളും തള്ളുന്നവര്‍ക്കു മുന്നില്‍ ഇന്ത്യ കഠിനവേദന അനുഭവിക്കുന്ന ഒരു കുടുംബം.
ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജോലിക്കു പോലും പോകാന്‍ പറ്റുന്നില്ലെന്നും മാവേലിക്കര മാന്നാറില്‍നിന്നുള്ള ഈ വീട്ടമ്മ പറയുന്നു.
രണ്ടു ദിവസമായി ഡ്രെയ്‌നേജില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്‌നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്‌നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ കൈ കുടുങ്ങിയത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്‌നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും- അവര്‍ പറയുന്നു.
ഭാര്യ അറിയാതെ ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ വിവരം വളരെ വേഗത്തിലാണ് പ്രചരിച്ചത്. കിട്ടിയവരൊക്കെ ഫോര്‍വേഡ് ചെയ്തു. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കുടുംബം ആലോചിച്ചു വരികയാണ്. സഭവത്തിനുശേഷം . പുറത്തിറങ്ങാനാകാത്ത അവസ്ഥയാണെന്നും കൂട്ടുകാര്‍ വിളിച്ചു ചോദിക്കുന്നതിനാല്‍ മകളും മാനസിക വിഷമത്തിലാണെന്ന് അമ്മ പറഞ്ഞു.
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര ഫയര്‍ഫോഴ്‌സ് ഓഫീസും അറിയിച്ചു. ഡ്രെയ്‌നേജ് വൃത്തിയാക്കുന്നതിനിടെ 26ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നിശമനസേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റിയാണ് ആളെ രക്ഷപ്പെടുത്തിയതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.