ന്യൂദൽഹി- ക്രിക്കറ്റിൽനിന്ന് സചിന്റെ പത്താം നമ്പർ ജഴ്‌സി വിരമിക്കുന്നു. സചിൻ ഉപയോഗിച്ചിരുന്ന പത്താം നമ്പർ ജഴ്‌സി ഇനി ഒരു ഇന്ത്യൻ താരത്തിനും നൽകില്ല. അനൗദ്യോഗിക തീരുമാനമാണെന്ന് ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. 2013 ൽ സചിൻ ടെണ്ടുൽക്കർ വിരമിച്ച ശേഷം പത്താം നമ്പർ ജഴ്‌സിയിൽ ആരെയും കണ്ടിരുന്നില്ല. എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ ശ്രാഥുൽ താക്കൂർ പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. സംഭവം വിവാദമായതോടെയാണ് സചിന്റെ പത്താം നമ്പർ ജഴ്‌സി ഇനിയാർക്കും നൽകേണ്ടതില്ലെന്ന് തീരുമാനമായത്.
സചിൻ ഉപയോഗിച്ചിരുന്ന പത്താം നമ്പർ സ്വീകരിക്കാൻ കളിക്കാർ തയ്യാറായിരുന്നില്ല. ഇതിഹാസ താരത്തോടുള്ള ബഹുമാനം നിലനിർത്തിയായിരുന്നു അത്. എന്നാൽ ഈ വർഷം തുടക്കത്തിൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനിടെ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ മുംബൈയുടെ പേസ് ബൗളർ ശ്രാഥുൽ താക്കൂറാണ് പത്താം നമ്പർ ജഴ്‌സിയണിഞ്ഞത്. ഇരുപത്തിയാറുകാരനായ ശ്രാഥുൽ താക്കൂറിനെതിരെ ഇതുമായി നിരവധി ട്രോളുകൾ ഇറങ്ങുകയും ചെയ്തു. എന്നാൽ സംഖ്യാശാസ്ത്രപരമായ കാരണങ്ങളാലാണ് പത്താം നമ്പർ സ്വീകരിച്ചത് എന്നായിരുന്നു താരത്തിന്റെ വിശദീകരണം. അതേസമയം, പത്താം നമ്പർ ജഴ്‌സി ഇനിയാർക്കും നൽകില്ലെന്നത് ഔദ്യോഗികമായി തീരുമാനിക്കാനാകില്ല. രാജ്യാന്തര ക്രിക്കറ്റിൽ ഇത്തരം നിയമങ്ങളില്ല. എന്നാൽ ഏതെങ്കിലും നമ്പറിലുള്ള ജഴ്‌സി വേണ്ടെന്ന് ഒരു താരം പറഞ്ഞാൽ അയാളെ നിർബന്ധിക്കാനാകില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കി.