തിരുവനന്തപുരം - സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി കൊണ്ട് പെട്രോൾ, ഡീസൽ, പാചകവാതക വില നിത്യേനയെന്നോണം വർധിച്ചുകൊണ്ടിരിക്കുമ്പോൾ ആശ്വാസ വാക്കുപോലും പറയാനാകാത്ത ഭരണകൂടങ്ങൾ നാടിന് ശാപമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. ഇന്ധനവില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ 1000 കേന്ദ്രങ്ങളിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പ് പ്രതിഷേധപരിപാടി പരവൻകുന്ന് ഐ.ഒ.സിയുടെ മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ലക്ഷക്കണക്കിന് പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.
വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുംതാസ് ബീഗം, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടി കോർപ്പറേഷൻ പ്രസിഡന്റ് ബിലാൽ വള്ളക്കടവ് സ്വാഗതവും സെക്രട്ടറി സെയ്ഫുദ്ദീൻ പരുത്തിക്കുഴി നന്ദിയും പറഞ്ഞു.