Sorry, you need to enable JavaScript to visit this website.

എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂദല്‍ഹി- മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും ഓര്‍ത്തഡോക്‌സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയുമായ എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ദല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ന്യൂദല്‍ഹിയിലെ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍ സാറ ജോര്‍ജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍.

പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകനായ എം ജോര്‍ജ് മുത്തൂറ്റിന്റെ മകനായി 1949 നവംബര്‍ രണ്ടിനാണ് എം.ജി. ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. 1979 ല്‍ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി സ്ഥാനമേറ്റു. 1993 ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. സ്ഥാനമേല്‍ക്കുമ്പോള്‍ കേരളം, ദല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകള്‍ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാര്‍ന്ന ബിസിനസ് വിഭാഗങ്ങള്‍ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.

ഗ്രൂപ്പിനു കീഴിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജോര്‍ജ് മൂത്തൂറ്റിനു കീഴില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്പാ കമ്പനിയായി മാറിയിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ - ഫിക്കി) എക്‌സ്‌ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ ധനികരുടെ ഫോബ്‌സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളര്‍) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവര്‍. 2011 ല്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് ഫോബ്‌സ് ഏഷ്യ പട്ടികയില്‍ ഇന്ത്യയിലെ അന്‍പത് ധനികരില്‍ ഉള്‍പ്പെട്ടിരുന്നു.

 

Latest News