നിയമപുസ്തകങ്ങളുടെ ഉള്ളടക്കം മാത്രമാണ് ഹാദിയ കേസിലെ വിധിക്ക് കാരണമെന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. കേസിന്റെ ഘട്ടങ്ങൾ മനസ് കൊണ്ട് വായിക്കുമ്പോൾ ഇക്കാര്യം മനസ്സിലാകും. ബഹുമാന്യരായ ന്യായാധിപന്മാരുടെയും അഭിഭാഷകരുടെയും മനസിന്റെ കോണുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന വാത്സല്യം എന്ന വിലമതിക്കാനാകാത്ത വികാരം ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് ചുറ്റും ആ മണിക്കൂറിൽ , നിമിഷങ്ങളിൽ അതിന്റെ നിറ ശോഭയോടെ പറന്നു നടന്നിരുന്നു- നന്മയുടെ നിലാവ് പെയ്ത കോടതി മുറിയായിരുന്നു അപ്പോൾ അവിടെ.
കൂട്ടുകാരികളിൽനിന്ന് പഠിച്ചെടുത്തിട്ടാകാം വൃത്തിയിലും വെടിപ്പിലും ചുവന്ന ചൂരിദാറിന് ചേരുന്ന വിധം മഫ്ത്ത ചുറ്റി കേരള ഹൗസിൽനിന്ന് പോലീസിന്റെ കൈപിടിച്ച് ഇറങ്ങിപോകുന്ന ഹാദിയ എന്ന കുട്ടിയെ കണ്ടപ്പോൾ കരളിന്റെ സ്ഥാനത്ത് കല്ലെല്ലാത്തവരുടെയെല്ലാം മനസൊന്ന് കാളിയിരിക്കും.
സുപ്രീം കോടതിയിൽ ഹാദിയയും ജഡ്ജിമാരും അഭിഭാഷകരും തമ്മിൽ നടന്ന സംഭാഷണം ഈ വികാര പരിസരത്ത് നിന്ന് വേണം പരിശോധിക്കാൻ. അടഞ്ഞ കോടതിയിലായിരുന്നു ഇതൊക്കെ നടന്നതെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ എന്നതും സംശയം.
ഹാദിയ കുറ്റവാളിയാണോ എന്ന അവരുടെ അഭിഭാഷകൻ കപിൽ സിബലിന്റെ ചോദ്യം കേട്ടപ്പോൾ ആ കുട്ടിയുടെ പിതാവിനേക്കാൾ പ്രായമുള്ള ന്യായാധിപന്മാരുടെ സ്വാഭാവിക മനസ് വല്ലാതെ കിടിലം കൊണ്ടു പോയിരിക്കാം. തുടർന്ന് ഇവിടെ സ്‌നേഹവാത്സല്യം എന്ന നിയമ പുസ്തകത്തിൽ പഠിപ്പിക്കാത്ത വികാരം അഭിഭാഷകനായും, ന്യായാധിപനായുമൊക്കെ ഇറങ്ങിക്കളിക്കുകയായിരുന്നു.
ഹാദിയയോട് ആദരണീയരായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഡി.വൈ ചന്ദ്രചൂഡും, എ.എം ഖാൻവിൽക്കറും ചോദിച്ച ചോദ്യങ്ങളിലെല്ലാം മോളെ നീയൊരു കുഞ്ഞല്ലേ , നിന്നെ ഞങ്ങൾ മനസറിഞ്ഞ് കുഴപ്പത്തിലാക്കില്ല എന്ന വാത്സല്യത്തിന്റെ കരസ്പർശമുണ്ടായിരുന്നു.
മനുഷ്യസത്തയുടെ ആഴത്തിൽ വറ്റാതെ കിടക്കുന്ന നന്മയുടെയും, ശുദ്ധ വിവേകത്തിന്റെയും നനവ് നഷ്ടപ്പെടാത്ത ഉദാത്തമായ അവസ്ഥ. അര മണിക്കൂർ നീണ്ട അന്വേഷണത്തിൽ ന്യായാധിപരുടെ നല്ല മനസുകൾ അറിയേണ്ടതെല്ലാം അറിഞ്ഞെടുത്തു. നേർത്ത വെണ്ണയിൽ നിന്ന് നൂലെടുക്കുന്നതുപോലുള്ള ചോദ്യങ്ങൾ. നിയമത്തിന്റെ കാർക്കശ്യമില്ല. കണ്ണുരുട്ടലില്ല. അഖിലമോളുടെ കുഞ്ഞുന്നാളുകളെ കുറിച്ചായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ചോദ്യ തുടക്കം. പഠിച്ച സ്‌കൂളിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അതാരംഭിച്ചു. മനോഹരമായ ഏതോ സംഗീതത്തിലെ വരികൾ പോലെ അതങ്ങിനെ തുടർന്നു.
ഇടക്ക് ഒഴുക്ക് നിലച്ചത് ഹാദിയയുടെ പേരിനൊപ്പമുള്ള ഡോക്ടർ എന്ന വാക്ക് തെറ്റിദ്ധാരണയുണ്ടാക്കിയപ്പോൾ മാത്രം. ആ നിമിഷങ്ങൾ ഇങ്ങിനെയായിരുന്നു ചീഫ് ജസ്റ്റീസ് കേരള വനിതാ കമ്മീഷൻ അഭിഭാഷകൻ അഡ്വ. ദിനേശിനോട് : അവർ ഡോക്ടറേറ്റ് ഹോൾഡറാണെന്ന് താങ്കൾ പറഞ്ഞു, പക്ഷെ അവർക്ക് സംസാരിക്കാൻ കഴിയുന്നില്ല. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്. സാധാരണനിലയിൽ കേസിന്റെ ഗതിയാകെ മാറിപ്പോകുമായിരുന്ന ഘട്ടം.
അത് ഡോക്ടറേറ്റല്ലെന്നും ഡോക്ടറാണെന്നും വനിതാ കമ്മീഷന്റെ അഭിഭാഷകൻ ദിനേശ് തിരുത്തിയപ്പോൾ കോടതിയുടെ നീരസം വളരെ പെട്ടെന്ന് അലിഞ്ഞില്ലാതായി. ഒരു കാര്യം ഉറപ്പ് തങ്ങളുടെ മുന്നിൽ നിന്ന് നിഷ്‌ക്കളങ്കമായി നോക്കുന്ന ഹാദിയ എന്ന പെൺ കുട്ടിയോടുള്ള അതിരുകളില്ലാത്ത വാത്സല്യവും സ്‌നേഹവും അവിടെ വീണ്ടും വഴിഞ്ഞൊഴുകിയിട്ടുണ്ട്. അല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു.
ഹാദിയക്ക് പരിഭാഷ വേണമെന്ന് തോന്നിയപ്പോൾ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് കണ്ണുകൊണ്ട് ഇടപെടുകയായിരുന്നു.
കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ വി. ഗിരിക്ക് നേരെ ഒരു നോട്ടം. ഇത്തിരി അകലത്തിലായിരുന്ന ഗിരി ഹാദിയയുടെ അടുത്തേക്ക്. മുൻ ജഡ്ജി കൂടിയായ വി.ഗിരിയായി പിന്നെ ഹാദിയയുടെ നാക്ക്.
ഹാദിയക്ക് മനോസ്ഥിരതയില്ലാ എന്ന വാദമൊക്കെ ലളിതമായ ചോദ്യങ്ങളിലൂടെ ന്യായാധിപന്മാർ അലിയിച്ച് ഇല്ലാതാക്കുന്നുണ്ടായിരുന്നു.
തങ്ങളുടെ മുന്നിൽ നിൽക്കുന്ന കുട്ടി അവളുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും വെച്ചു പുലർത്തുന്ന നിഷ്‌ക്കളങ്ക സ്‌നേഹത്തിന്റെ തരംഗദൈർഘ്യവും ജ്ഞാനികളായ ന്യായാധിപന്മാർ അളന്നെടുത്തു കാണിച്ചു തന്നു.
ജസ്റ്റിസ് ചന്ദ്രചൂഡ്: കുട്ടിക്കാലത്ത് ആരോടായിരുന്നു കൂടുതൽ അടുപ്പം?
ഹാദിയ : അച്ഛൻ, അമ്മ, കസിൻ, അച്ഛനോടായിരുന്നു എനിക്ക് കൂടുതൽ അടുപ്പം.
വൈക്കം കെ.വി പുരത്തെ യുവാവായ അശോകന്റെ മടിയിലിരുന്നു കളിക്കുന്ന പുന്നാരമോളായി അപ്പോൾ ഹാദിയ മാറി. മനുഷ്യ കരമേൽക്കാത്ത നന്മയുടെ മഹാവികാരം പ്രസരിപ്പിച്ച ചോദ്യവും , അമ്മിഞ്ഞ പാലിന്റെ നൈർമ്മല്യമുള്ള ഉത്തരവും.
'' വളർന്നുവരുമ്പോൾ നമുക്ക് മനസിലാകും. നാം നമ്മുടെ കാലിൽ തന്നെ നിൽക്കണമെന്ന്. രക്ഷിതാക്കൾക്ക് എല്ലാകാലത്തും നമ്മെ നോക്കാനാകില്ല. നിങ്ങളും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് നേടണം. '' ജസ്റ്റിസ് ചന്ദ്രചൂഡ് ഈ നിമിഷം ഹാദിയയുടെ എല്ലാ കാലത്തേക്കുമുള്ള ഗുണകാംക്ഷിയും രക്ഷിതാവുമാവുകയായിരുന്നു. ഹോമിയോ പഠനം ചുണ്ടിനും കപ്പിനുമിടയിൽ ഒന്നുമല്ലാതായി പോകുന്ന അവസ്ഥയിൽനിന്ന് മാറാനുള്ള വിലപ്പെട്ട ന്യായ വിധി.
കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ ഗിരിയും ആ അന്തരീക്ഷത്തിന് ചേരുംവിധം ഉന്നതനായി- ഗിരി പറഞ്ഞു: അവർക്ക് പഠനം പൂർത്തിയാക്കണം, വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും വേണം. നോക്കൂ; അൽപ്പം മുമ്പ് ഹാദിയക്കെതിരെയെന്ന് തോന്നിക്കുംവിധം ഇടപെട്ടെന്ന് പഴികേട്ട ഗിരിയായിരുന്നില്ല ഇത്. ആ അന്തരീക്ഷത്തിന് ചേരുന്ന ഉയരമുള്ള മറ്റൊരു ഗിരി.
അഡ്വ. ഗിരി വീണ്ടും.... : അവർക്ക് കോടതിയോട് എന്തോ പറയാനുണ്ട്....
ഹാദിയ -ഞാൻ വീട്ടിൽ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. എനിക്ക് വീട്ടിലേക്ക് തിരികെ പോകേണ്ട. എനിക്ക് എന്റെ ഭർത്താവിന്റെ കൂടെയാണ് പോകേണ്ടത്.
ജസ്റ്റീസ് മിശ്ര- ഇപ്പോൾ അതിലേക്ക് കടക്കുന്നില്ല.
ഇത്രയും തിങ്കളാഴ്ച സുപ്രീം കോടതിയിലെ അര മണിക്കൂറിൽ പെയ്തിറങ്ങിയ നന്മ.
തടിച്ച നിയമ പുസ്തകങ്ങളുടെ വിരസ മറക്കപ്പുറവും മനുഷ്യപ്പറ്റിന്റെ നിയമം പ്രാക്ടീസ് ചെയ്യുന്ന ന്യായാധിപന്മാരേയും, അഭിഭാഷകരെയും ഒരിക്കൽ കൂടി അഭിമാനത്തോടെ ഓർക്കാം. ഇതുപോലെ സ്‌നേഹ വാത്സല്യങ്ങളുടെ പോസിറ്റീവ് എനർജി പ്രവഹിക്കുന്ന ഇടങ്ങളായി ന്യായാസനങ്ങളെങ്കിലും മാറുന്ന അവസ്ഥയാണ് കാലം ആവശ്യപ്പെടുന്നത്.