കോഴിക്കോട്- ഹാദിയ കേസിലെ വർഗീയ അജണ്ട തിരിച്ചറിയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇരുവിഭാഗങ്ങളിലായി നിലയുറപ്പിച്ച് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നവരെ തിരിച്ചറിയാൻ വൈകരുതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിൽ ഫിറോസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഹാദിയ @ അഖില കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ കേസ് വന്നപ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് തീർപ്പ് കൽപ്പിക്കേണ്ടിയിരുന്നത്. ഒന്ന്, ഹാദിയയുടെ രക്ഷാകർതൃത്വം ആർക്ക് എന്നതിനെ സംബന്ധിച്ചായിരുന്നു. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂർത്തിയായ ഒരാൾ ആരുടെയും രക്ഷാകർതൃത്വത്തിൽ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവർ ആ നിലക്ക് മുന്നോട്ടു പോകണമെന്നുമാണ്. രണ്ടാമത്തെ ഇഷ്യു കല്ല്യാണത്തെ സംബന്ധിച്ചാണ്. അക്കാര്യം പരിഗണിക്കുന്നതിനായി കേസ് അടുത്ത മാസത്തേക്ക് വെച്ചത് കൊണ്ട് തുടർ സിറ്റിംഗിൽ അത് സംബന്ധിച്ച തീരുമാനവും ഉണ്ടാവും. എന്ന് പറഞ്ഞാൽ കോടതി വിധിക്കെതിരായി കോടതിയിലേക്ക് മാർച്ച് നടത്തുകയോ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വിദ്വേഷം പ്രസംഗിക്കുകയോ അല്ല വേണ്ടത്. മറിച്ച് മേൽകോടതിയെ സമീപിച്ച് ശരിയായ കോടതി വിധി നേടിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നാണ്.
ഇനി സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു എന്ന് കരുതുക. അതായത് ഹാദിയയെ അശോകന്റെ രക്ഷാ കർതൃത്വത്തിൽ തന്നെ വിട്ട് കൊടുത്ത് അവരുടെ ജീവിതം വീണ്ടും വീട്ടു തടങ്കലിലായി എന്ന് വിചാരിക്കുക. ഇസ്‌ലാം മതത്തിനോ മുസ്‌ലിംകൾക്കോ എന്തെങ്കിലും പരാജയമുണ്ടോ? അവിടെ തോൽക്കുന്നത് ഇന്ത്യൻ ഭരണഘടനയും പൗരാവകാശങ്ങളുമാണ്. അപ്പോൾ കോടതി വിധി ഹാദിയക്കനുകൂലമായാൽ ഇസ്‌ലാം മതത്തിനോ മുസ്‌ലിംകൾക്കോ മാത്രമായി ആഘോഷിക്കാൻ ഒരു വകുപ്പുമില്ല. വിജയിച്ചത് ഇന്ത്യൻ ഭരണഘടനയാണ്. പൗരാവകാശങ്ങളാണ്. അത് മാത്രമാണ്.
ഇതിനിടയിൽ ആ അമ്മയുടെ വാക്കുകൾ നിങ്ങൾ കേട്ടില്ലേ?. ഇസ്‌ലാം തീവ്രവാദത്തിന്റെ മതമായത് കൊണ്ടുള്ള പ്രശ്‌നമാണെന്നാണവർ പറഞ്ഞത്. അവർക്കുള്ള തെറ്റിദ്ധാരണ നീക്കാൻ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയൽവാസി നിങ്ങളെ തൊട്ട് നിർഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂർണ്ണമാകില്ല എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂർണ്ണനാക്കും!
ഹാദിയ തന്റെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഹാദിയയെ ആസിയ ബീവിയും സുമയ്യ ബീവിയുമായി ചിത്രീകരിക്കുന്നവർ പറയേണ്ട ചില ചരിത്രമുണ്ട്. അത് മാതാവിന്റെ കാൽചുവട്ടിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങളാണ്. അവിശ്വാസികളാണെങ്കിലും മാതാപിതാക്കളെ ശുശ്രൂഷിക്കൽ കടമയാണെന്ന് പഠിപ്പിച്ച പ്രവാചക വചനങ്ങളെ കുറിച്ചാണ്. അത്തരം ചരിത്രങ്ങളാണ് ഇപ്പോൾ അന്തരീക്ഷത്തിൽ മുഴങ്ങേണ്ടത്.
ഒരു ബഹുസ്വര സമൂഹത്തിൽ ഇടപെടലുകൾ നടത്തുമ്പോൾ സൂക്ഷ്മത അനിവാര്യമാണ്. അതിനായി 1952 നവംബർ 1ന് ബാഫഖി തങ്ങൾ, സീതി സാഹിബ്, ഉപ്പി സാഹിബ് എന്നീ ലീഗ് നേതാക്കൾ ഇറക്കിയ പ്രസ്താവന ഒരാവർത്തി വായിച്ചാൽ മതിയാവും. ആർ.എസ്.എസ്സുകാർ നടത്തിയ ഗോവധ നിരോധന യോഗത്തിനടുത്ത് വെച്ച് ഒരു പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടപ്പോഴായിരുന്നു പ്രസ്താവന ഇറക്കിയത്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി പശുവിനെ അറുക്കാൻ പാടില്ല എന്നാണവർ പറഞ്ഞത്. അന്യമതക്കാരുടെ ആരാധനാ വസ്തുക്കളെ നിന്ദിക്കരുതെന്ന് ഇസ്ലാം നിഷ്‌കർഷിക്കുന്നുണ്ടെന്നാണവർ വ്യക്തമാക്കിയത്. സമുദായ സൗഹാർദ്ധത്തിനായി ത്യാഗം ചെയ്യാനാണവർ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞത്. അതായത് മത സൗഹാർദ്ധവും സമാധാനവുമാണ് പരമപ്രധാനമായിട്ടുള്ളത്.
അഖില@ഹാദിയ കേസിന്റെ വിധി എന്ത് തന്നെയായാലും സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. അവർ വർഗ്ഗീയ വാദികളാണ്. അവർ ഇരുവിഭാഗങ്ങളിലായി നിലയുറപ്പിച്ച് തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുകയാണ്. വൈകാതെ അത് തിരിച്ചറിയുക എന്നതാണ് ഈ അവസരത്തിൽ പ്രസക്തമായിട്ടുള്ളത്. വൈകിയാൽ തകരുന്നത് നാടിന്റെ മനസ്സമാധാനമാണ്. മറക്കരുത്......