തിരുവനന്തപുരം- പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുഖ്യമന്ത്രിക്ക് ഡോളർ കടത്ത് കേസിൽ പങ്കുണ്ടെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. രാജ്യദ്രോഹക്കുറ്റം ചെയ്ത മുഖ്യമന്ത്രിക്ക് ആ പദവിയിൽ ഇരിക്കാൻ യോഗ്യതയില്ല.
അതേസമയം, ഇക്കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രണ്ടു മാസം മുമ്പ് മൊഴി ലഭിച്ചിട്ടും എന്തുകൊണ്ട് ഇതുവരെ അന്വേഷണം നടത്തിയില്ലെന്നും ചെന്നിത്തല ചോദിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ കാലങ്ങളായി ബന്ധമുണ്ട്. പിണറായിക്ക് വേണ്ടി ആർ.എസ്.എസ് നേതാവ് കെ.ജി മാരാർ വോട്ടഭ്യർത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.