കൊണ്ടോട്ടി - കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തരമായ പരിഹാരം കാണുക, പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂർ വിമാനത്താവള പരിസരത്ത് ധർണ നടത്തി. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ധർണ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കൊടുംവഞ്ചനയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആയിട്ടും വീണ്ടും ക്വാറന്റൈനിൽ പോകണമെന്നത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് പൊന്നാനി അധ്യക്ഷനായി.
ബന്ന മുതുവല്ലൂർ, കെ.എം. ബഷീർ (മലബാർ ഡവലപ്‌മെന്റ് ഫോറം), സലാഹുദ്ദീൻ കോഴിക്കോട്, സിറാജ് ബാബു വള്ളിക്കുന്ന്, നൗഷാദ് ചുള്ളിയൻ, ഫസൽ തിരൂർക്കാട് (എഫ്.ഐ.ടി.യു), മുംതാസ് (വുമൺ ജസ്റ്റിസ് മൂവ്‌മെന്റ്), സക്കീന ടീച്ചർ, എൻ.പി. അബ്ദുറഹ്മാൻ, അബൂബക്കർ ആക്കോഡ്, സമദ് ഒളവട്ടൂർ, ലത്തീഫ് മുണ്ടുമുഴി സംസാരിച്ചു.