Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അറസ്റ്റിലായ പ്രമുഖര്‍ മോചന വഴിയില്‍

റിയാദ് - അഴിമതി കേസുകളിൽ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത രാജകുമാരന്മാരും മന്ത്രിമാരും വ്യവസായികളും അടക്കമുള്ളവർ ഈ വർഷാവസാനത്തോടെയോ അടുത്ത വർഷാദ്യത്തോടെയോ മോചിതരായേക്കുമെന്ന് റിപ്പോർട്ട്. അഴിമതിയിലൂടെ സമ്പാദിച്ച പണം സർക്കാർ ഖജനാവിൽ തിരിച്ചടക്കുന്നതിന് അറസ്റ്റിലുള്ളവരിൽ 95 ശതമാനവും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകളിലുള്ള പണമോ കമ്പനികളുടെ ഓഹരികളോ ധനമന്ത്രാലയത്തിന് കൈമാറി മോചനം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത മാസാവസാനത്തിനു മുമ്പായി ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി പ്രതികൾക്ക് മോചിതരാകാൻ സാധിക്കുമെന്നാണ് കരുതുന്നത്. അവിഹിതമായി സമ്പാദിച്ച പണം ഖജനാവിൽ തിരിച്ചടക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കില്ല. 
അറസ്റ്റിലുള്ളവർക്ക് വൈദ്യസഹായം നൽകുന്നതിന് മെഡിക്കൽ സംഘത്തിന്റെ സേവനം ഇരുപത്തിനാലു മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലുള്ളവർ നടത്തിയ അഴിമതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ രണ്ടു വർഷമായി അന്വേഷണ സംഘങ്ങൾ ശേഖരിച്ചുവരികയായിരുന്നെന്ന് അറ്റോർണി ജനറൽ ഓഫീസ് വൃത്തങ്ങൾ പറഞ്ഞു. 
അഴിമതികളിൽ പ്രതികൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന ചില രേഖകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. അറസ്റ്റിലുള്ളവരുടെ ഫയലുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഗവൺമെന്റ്, ധന, ഓഹരി വിപണി, ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, നിയമ, പണം വെളുപ്പിക്കൽ കേസ് വിദഗ്ധർ എന്നിവർ അടക്കം 500 ലേറെ വിദഗ്ധർ പ്രതികളെ പാർപ്പിച്ച റിട്‌സ് കാൾട്ടൻ ഹോട്ടലിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പ്രതികളിൽ ചിലർ ഉപയോഗിക്കുന്ന ചില മരുന്നുകൾ വീടുകളിൽ നിന്ന് എത്തിച്ചുനൽകുന്നുണ്ട്.
 കുടുംബാംഗങ്ങളുമായും കമ്പനി അധികൃതരുമായും മറ്റും ബന്ധപ്പെടുന്നതിന് പ്രതികളെ അനുവദിക്കുന്നുണ്ട്. എന്നാൽ കുടുംബാംഗങ്ങളെ നേരിട്ട് കാണുന്നതിന് അനുവാദം നൽകുന്നില്ല. കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും മറ്റും ബന്ധപ്പെടുന്നതിന് മുഴുവൻ പ്രതികളുടെയും മുറികളിൽ ഹോട്ട്‌ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അറസ്റ്റിലുള്ളവരെ നേരിട്ട് സന്ദർശിക്കുന്നതിന് കമ്പനി ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ട്. ഇ-മെയിൽ ഉപയോഗിക്കുന്നതിനും പ്രതികളെ അനുവദിക്കുന്നുണ്ട്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും സ്വന്തം ബാർബർമാർ, തിരുമ്മുകാർ എന്നിവരുടെ സഹായങ്ങളും ചില പ്രതികൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം ആവശ്യങ്ങൾ അധികൃതർ നിരാകരിക്കുന്നു. 


 

Latest News