റിയാദ് - പൊതുമാപ്പ് അവസാനിച്ച ശേഷം സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ ഒരു ലക്ഷത്തോളം നിയമ ലംഘകര്‍ പിടിയിലായി. നവംബര്‍ 15 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 99,135 ഇഖാമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായത്. ഇവരില്‍ 57,546 പേര്‍ ഇഖാമ നിയമ ലംഘകരും 17,303 പേര്‍ നുഴഞ്ഞുകയറ്റക്കാരും 24,286 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 1,325 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 564 പേരെ നാടുകടത്തി. അതിര്‍ത്തി വഴി അനധികൃത രീതിയില്‍ വിദേശത്തേക്ക് കടക്കുന്നതിന് ശ്രമിച്ച 29 പേരെയും സുരക്ഷാ സൈനികര്‍ പിടികൂടി.
നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കിയ 376 വിദേശികളും 48 സൗദികളും പിടിയിലായി. 12,075 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 14,997 നിയമ ലംഘകരെ നാടുകടത്തി. 9,590 പേര്‍ക്കെതിരെ തത്സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 12,395 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 12,808 പേര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.