കല്‍പറ്റ-സി.പി.എം പുല്‍പള്ളി ഏരിയ കമ്മിറ്റിയംഗംവും ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എ.ശങ്കരന്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വിവാദമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്നു ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നായിരുന്നു പോസ്റ്റ്. ബത്തേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തനിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന അഭ്യര്‍ഥനയും പോസ്റ്റിലുണ്ട്. ഇതു ശ്രദ്ധയില്‍പ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ പോസ്റ്റ് തന്റേതല്ലെന്നും ഫേസ്ബുക്ക് പേജില്‍ മറ്റാരോ ഇട്ടതാണെന്നുമാണ് ശങ്കരന്‍ പ്രതികരിച്ചത്. ഉപാധികള്‍ ഒന്നുമില്ലാതെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.