Sorry, you need to enable JavaScript to visit this website.

സംവരണത്തിൽ വെള്ളം ചേർക്കുന്നവർ

ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാൻ കഴിയില്ല. ഭരണഘടനാപരമായി വ്യക്തികൾക്കല്ല, വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം അനുവദിക്കാൻ കഴിയുക. ദാരിദ്ര്യം എന്നത്  ഒരു വിഭാഗത്തെ നിർണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാൽ തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രർ എന്ന നിലയ്ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകൾക്കു മാത്രമല്ല, പിന്നോക്കക്കാർക്കും ദളിതർക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രർക്കു മാത്രമായി സംവരണം ഏർപ്പെടുത്തുന്നത് ആർട്ടിക്കിൾ 14 ഉറപ്പു തരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളുടെയും ലംഘനമാകും.

ദേവസ്വം ബോർഡിൽ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനും എല്ലാ മേഖലയിലും അത് നടപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യാനും കേന്ദ്രത്തോട് ആവശ്യപ്പെടാനുമുള്ള കേരള സർക്കാർ തീരുമാനമുയർത്തിവിട്ട കോലാഹലങ്ങൾ തീരുന്നില്ല. ദശകങ്ങൾക്കു മുമ്പ് ഇ എം എസ് ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ സർക്കാരും ആവശ്യപ്പെടുന്നത്. 
സംവരണത്തിന്റെ അന്തഃസത്തയെ തകർക്കുന്ന ഈ നിലപാട് കോടതിയിൽ നില നിൽക്കില്ല എന്നു വിദഗ്ധർ പറയുന്നുണ്ടെങ്കിലും സാമൂഹ്യ നീതി എന്ന ഭരണഘടനയുടെ പ്രഖ്യാപിത നിലപാടിനു ഭാവിയിലെങ്കിലും ഭീഷണിയായി ഇതു മാറിയിട്ടുണ്ട്. 
സത്യത്തിൽ സർക്കാർ നിർദ്ദേശം സാമ്പത്തിക സംവരണം പോലുമല്ല. എങ്കിൽ എല്ലാ വിഭാഗങ്ങളിലും പെട്ട പാവപ്പെട്ടവർക്ക് സംവരണം എന്നായിരുന്നു പറയേണ്ടത്. പിന്നോക്കക്കാർക്ക് സാമുദായിക സംവരണമുണ്ടല്ലോ എന്ന മറുപടി അപ്രസക്തമാണ്. കാരണം സാമുദായിക സംവരണത്തിന്റെ ലക്ഷ്യം തൊഴിലില്ലായ്മ പരിഹരിക്കലോ പട്ടിണി മാറ്റലോ അല്ല എന്ന് വ്യക്തമാണ്. അത് കീ സ്ഥാനങ്ങളിൽ പ്രാതിനിധ്യമുറപ്പിക്കാനാണ്. ഇവിടെ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് എന്നു പറയുമ്പോൾ അത് മുന്നോക്കസംവരണം മാത്രമാണ്. പാവപ്പെട്ടവരെ എങ്ങനെ നിർവ്വചിക്കും, ഒരു ലോട്ടറിയടിച്ചാലോ മക്കൾക്ക് നല്ല ജോലി ലഭിച്ചാലോ അവസ്ഥ മാറില്ലേ എന്ന ചോദ്യങ്ങൾ വേറെ.
ദേവസ്വം ബോർഡിലെ പുതിയ നിർദ്ദേശം പിന്നോക്കക്കാർക്ക് നഷ്ടമുണ്ടാക്കില്ല എന്ന നിലപാടും തെറ്റാണ്. 68% ശതമാനമാണ് ദേവസ്വം ബോർഡിൽ പൊതുവിഭാഗത്തിനുള്ളത്. ഇതിൽ നിന്ന് 10% ആണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് മാറ്റിവെക്കുന്നത്. പൊതുവിഭാഗം എന്നത് മുഴുവൻ ഹിന്ദുക്കൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നിരിക്കേ  68% ൽ നിന്ന് 10% ഒരു പ്രത്യേക വിഭാഗത്തിന് പതിച്ചുനൽകി എന്നു പറഞ്ഞാൽ അതിനർത്ഥമെന്ത്? പൊതുവിഭാഗത്തിലെ 68% ത്തിൽ പൊതു അവകാശവും ഒപ്പം 14% ജാതി സംവരണവും ചേർത്ത് മൊത്തം 82% വരെ പരമാവധി നേടാൻ മുൻപ് ഈഴവർക്ക് ഉണ്ടായിരുന്ന സാധ്യത കുറഞ്ഞിരിക്കുകയാണ്. പുതിയ നയമനുസരിച്ച് 35% ദളിത് പിന്നോക്ക സംവരണവും പിന്നെ 10% സവർണ സംവരണവും ബാക്കി 55 % പൊതു വിഭാഗവുമാണ്. അതായത് 55 + 17 = 72 ശതമാനമാണ് ഇനി മുതൽ ഈഴവർക്കു നേടിയെടുക്കാനാവുന്ന പരമാവധി അവകാശം. അതായത്  10% അവകാശ നഷ്ടം ഈഴവർക്ക് ഈ നയത്തിലൂടെ സംഭവിച്ചു കഴിഞ്ഞു. ദളിതരുടെ അവസ്ഥയും വ്യത്യസ്തമല്ല. നേട്ടം സവർണർക്കു തന്നെ. 
മനുഷ്യ ചരിത്രം വർഗ സമരത്തിന്റേതാണെന്ന് മാർക്‌സ് പറഞ്ഞപ്പോൾ ഇന്ത്യയിലെങ്കിലും അത് തെറ്റാണ്. ഇവിടത്തെ ചരിത്രം ജാതി വ്യവസ്ഥയുടെയും ജാതി സംവരണത്തിന്റെയും ചരിത്രമാണ്. ഇന്ത്യൻ ജാതി വ്യവസ്ഥ തന്നെ സംവരണാത്മകമാണ്. അധികാരം, സമ്പത്ത്, ഭൂമി എന്നി വിഭവങ്ങളുടെ പങ്കുവെയ്ക്കൽ ഇന്ത്യയിലൊരു കാലത്തും മെറിറ്റടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് ജന്മം കൊണ്ട് നിശ്ചയിക്കപ്പെടുന്ന ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. 
കാലങ്ങളോളം അത് സവർണർക്കായിരുന്നു. അതുകൊണ്ടാണ് സാമൂഹികമായി, ചരിത്രപരമായി അത്തരം അധികാരത്തിൽ നിന്നും വിഭവങ്ങളിൽ നിന്നും ജാതിയിലെ താഴത്തെ നിലകളിലുള്ള മനുഷ്യർ ആട്ടിപ്പായിക്കപ്പെട്ടത്. അതിനു കാരണം മെറിറ്റില്ലായ്മയായിരുന്നില്ല,  ജാതിയിൽ താഴെയായിരുന്നതുകൊണ്ടായിരുന്നു. സത്യത്തിൽ ചോദിക്കേണ്ട ചോദ്യം ജാതിയിൽ താഴെ നിൽക്കുന്നവരും ദളിതരും എന്തുകൊണ്ട് സാമൂഹികമായി പിന്നോക്കാവസ്ഥയിൽ എത്തി എന്നല്ല, മറിച്ച് മേൽജാതിക്കാർ എങ്ങനെയാണ് എളുപ്പത്തിൽ സാമൂഹികമായി രാഷ്ട്രീയമായി സാമ്പത്തികമായി അധികാരപരമായി മറ്റുള്ളവരേക്കാൾ മുന്നോക്കം എത്തിയത് എന്നാണ്. അത് ഒരിക്കലും മെറിറ്റ് കൊണ്ടായിരുന്നില്ല, മറിച്ച് ജാതി  സംവരണം കൊണ്ടായിരുന്നു. അതിനെ മറിച്ചിടലായിരുന്നു സംവരണത്തിലൂടെ വിഭാവനം ചെയ്യപ്പെട്ടത്. അതിനെയാണ് മാർക്‌സിന്റെ അനുയായികളായ സാമ്പത്തികമാത്രവാദികൾ തകർക്കാൻ ശ്രമിക്കുന്നത്. 
ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിർവചനങ്ങൾക്കൊപ്പമാണു സംവരണത്തിന്റെ നിയമ സാധ്യതകൾ വ്യക്തമാകുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത-വംശ-ദേശ-ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങൾക്കെതിരെയുള്ള സംരക്ഷണം, അവസര സമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14, 15, 16 വകുപ്പുകൾ തന്നെയാണു സംവരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നത്. നിർദേശക തത്വങ്ങളുടെ ഭാഗമായ ആർട്ടിക്കിൾ നാൽപത്താറും ഇതോടു ചേർത്തു വായിക്കാം. പ്രാതിനിധ്യമാണ് സംവരണ തത്വത്തിന്റെ അടിസ്ഥാനം. ചരിത്രപരമായ കാരണങ്ങളാൽ അനീതിക്കിരയായി പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രതിനിധ്യം എല്ലാ മേഖലയിലും ഉറപ്പു വരുത്തുക എന്നതാണത്. അവയിലൊന്നും  സാമ്പത്തിക സംവരണത്തിനു സാധ്യതയില്ല. ആർട്ടിക്കിൾ 46 ൽ അവശ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന നിർദേശമാണ് സാമ്പത്തിക സംവരണ വാദികൾ ഉയർത്തുന്നത്. ദുർബല വിഭാഗം എന്ന പ്രയോഗത്തിന് സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിഭാഗമെന്ന വ്യാഖ്യാനം നൽകാനായിരുന്നു ശ്രമം. സാമൂഹിക അനീതിയിൽനിന്നും മറ്റു ചൂഷണങ്ങളിൽ നിന്നും സരക്ഷിക്കപ്പെടണം എന്ന ഭാഗം കൂടി ചേർത്തു വായിക്കേണ്ടതുണ്ട് എന്നതാണ് വിദഗ്ധ മതം. സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സുപ്രീം കോടതിയുടെ നിലപാടും ഇതു തന്നെയായിരുന്നു. സാമ്പത്തിക സംവരണത്തെ കോടതി ഒരിക്കലും അംഗീകരിച്ചിട്ടില്ല. 
ഏതെങ്കിലും ഒരു ജാതിയിലെ വ്യക്തി ദരിദ്രനായതുകൊണ്ടു മാത്രം സംവരണം അനുവദിക്കാൻ കഴിയില്ല. ഭരണഘടനാപരമായി വ്യക്തികൾക്കല്ല, വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം അനുവദിക്കാൻ കഴിയുക. ദാരിദ്ര്യം എന്നത് ഒരു വിഭാഗത്തെ നിർണയിക്കാനുള്ള മാനദണ്ഡമാണെന്നു വിചാരിച്ചാൽ തന്നെയും അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ കാര്യമല്ല. എല്ലാ വിഭാഗത്തിലുള്ളവരും കാണും. ദരിദ്രർ എന്ന നിലയ്ക്കു മുന്നോക്ക വിഭാഗങ്ങളിലെ ആളുകൾക്കു മാത്രമല്ല പിന്നോക്കക്കാർക്കും ദളിതർക്കുമെല്ലാം പ്രത്യേകം സംവരണം ഒരുക്കേണ്ടിവരും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിലെ ദരിദ്രർക്കു മാത്രമായി സംവരണം ഏർപ്പെടുത്തുന്നത് ആർട്ടിക്കിൾ 14 ഉറപ്പു തരുന്ന സമത്വത്തിന്റെയും 15, 16 വകുപ്പുകളുടെയും ലംഘനമാകും. അതുകൊണ്ടു തന്നെ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  ദാരിദ്ര്യ നിർമാർജന പരിപാടികൾ വേണം.  വിദ്യാഭ്യാസ മേഖലയിൽ  സ്‌കോളർഷിപ്പുകൾ നൽകണം.  തൊഴിലുറപ്പു പദ്ധതി പോലെയുള്ള പരിപാടികളുടെ ഭാഗമാക്കണം. തൊഴിലാളികൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാക്കണം. അതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. 
സംവരണം ഉള്ളതുകൊണ്ടാണ് സമൂഹത്തിൽ ജാതി നിലനിൽക്കുന്നതെന്ന വാദമുഖം പോലും ഉന്നയിക്കപ്പെടാറുണ്ട്. സമൂഹത്തിൽ ജാതി നിലനിൽക്കാൻ തുടങ്ങിയിട്ട് 1000 വർഷങ്ങൾക്കു മുകളിലായി. സർക്കാർ കടലാസിൽ ജാതി രേഖപ്പെടുത്താൻ തുടങ്ങിയിട്ട് 150 വർഷത്തിൽ താഴെ മാത്രമേ ആകുന്നുള്ളൂ... ഇന്നത്തെ നിലയിലുള്ള റിസർവേഷൻ ആരംഭിച്ചിട്ട് 65 വർഷം മാത്രം...! 1000 വർഷമായി നിലനിന്നു പോരുന്ന ജാതി വ്യവസ്ഥക്ക് കാരണം സംവരണമാണ്  എന്ന് വാദിക്കുന്നതിലെ യുക്തി എന്താണ്?  പൂർവ്വികർ ചെയ്ത അനീതിയുടെ പ്രായശ്ചിത്തം ഞങ്ങൾ ചെയ്യണം എന്ന് പറയുന്നതിൽ എന്ത് യുക്തി ആണുള്ളതെന്ന ചോദ്യവും അതു പോലെ തന്നെ. സംവരണം ഒരു പ്രായശ്ചിത്തമല്ല, 'വൈകി വന്ന വിവേകം' മാത്രമാണ്.  പ്രജാസഭയിൽ അയ്യൻകാളി വരുന്നതിനു മുൻപ് ദളിതരുടെ പ്രതിനിധി ആയി ഇരുന്നത് ഒരു നായർ ആയിരുന്നു. അയ്യങ്കാളി പ്രജാസഭയിൽ വന്നതുകൊണ്ട് മാത്രം ആണ് ദളിതർക്ക് സ്‌കൂൾ പ്രവേശനം സാധ്യമായത്. അതിന്റെയെല്ലാം തുടർച്ച തന്നെയാണ് സാമുദായിക സംവരണം. എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമുറപ്പായാൽ മാത്രം അവസാനിപ്പിക്കാമെന്നാലോചിക്കാവുന്ന ഒന്ന്. എന്നാൽ ഇപ്പോഴും അതിനടുത്തെങ്ങും കേരളം പോലും എത്തിയിട്ടില്ല. ആ സാഹചര്യത്തിൽ സംവരണത്തിന്റെ ആശയത്തിൽ വെള്ളം ചേർക്കുന്ന ഒരു നിലപാടും അംഗീകരിക്കാൻ സാമൂഹിക നീതിയിൽ വിശ്വസിക്കുന്നവർക്കാവില്ല. 

Latest News