തിരുവനന്തപുരം - തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമല്ലാത്ത സാഹചര്യം സർക്കാർ ഉടൻ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ആവശ്യപ്പെട്ടു. കാൻസർ രോഗികളുടെ മരുന്നു ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.സി.സിയിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെൻഡർ നടപടികളിലെ കാലതാമസം കൊണ്ടാണ് മരുന്നുകൾ ലഭ്യമാകാത്തതെന്ന സാങ്കേതികമായ വിശദീകരണമാണ് അധികൃതർ നൽകുന്നത്. വ്യത്യസ്ത മാധ്യമങ്ങളിൽ ദിവസങ്ങളായി ആർ.സി.സിയിലെ മരുന്നുക്ഷാമവുമായി ബന്ധപ്പെട്ട വാർത്ത വരുന്നുണ്ടെങ്കിലും ഗൗരവത്തോടെ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്നുള്ളത് ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു.
സൗജന്യനിരക്കിൽ പാവപ്പെട്ട കാൻസർ രോഗികൾക്ക് ലഭിച്ചിരുന്ന അടിയന്തര പ്രധാനമായ മരുന്നുകൾ പോലും ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ മുൻകൈയെടുക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ജീവൻരക്ഷാമരുന്നുകൾ, കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവ പോലും ലഭ്യമല്ല. കാൻസർ ചികിത്സയ്ക്ക് സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ വലിയ വില കൊടുത്തു പൊതുവിപണിയിൽ നിന്ന് വാങ്ങേണ്ട ദുരവസ്ഥയിലാണ് രോഗികളുള്ളത്. ആർ.സി.സി ആവശ്യപ്പെട്ട മരുന്നുകൾ ഭാഗികമായി എത്തിക്കാൻ കഴിഞ്ഞുവെന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ പ്രതികരണം കേവലം അവകാശവാദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധു കല്ലറ, സെക്രട്ടറി അനിൽ കുമാർ, വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം എന്നിവർ സംസാരിച്ചു.