Sorry, you need to enable JavaScript to visit this website.

അറബ് ലീഗ് നിലവിൽ ദുർബലം -അഹ്മദ് ഖത്താൻ

റിയാദ് - അറബ് ലീഗ് സെക്രട്ടറി ജനറൽ പദവിയിൽ അഹ്മദ് അബുൽഗെയ്ത്തിന് പുതിയ ഊഴം. അഹ്മദ് അബുൽഗെയ്ത്തിന് പുതിയ ഊഴം നൽകണമെന്ന ഈജിപ്തിന്റെ അപേക്ഷ അറബ് വിദേശ മന്ത്രിമാരുടെ യോഗം ഏകകൺഠേന അംഗീകരിക്കുകയായിരുന്നു. 2004 ജൂലൈ മുതൽ 2011 മാർച്ച് വരെ ഈജിപ്ഷ്യൻ വിദേശ മന്ത്രിയായിരുന്ന അഹ്മദ് അബുൽഗെയ്ത്ത്, നബീൽ അൽഅറബിയുടെ പിൻഗാമിയായാണ് അറബ് ലീഗ് സെക്രട്ടറി ജനറൽ പദവിയിൽ നിയമിതനായത്. 2016 ജൂണിലാണ് നബീൽ അൽഅറബി കാലാവധി അവസാനിച്ചത്. 
അതേസമയം, നിലവിലെ ഘടനയിൽ അറബ് ലീഗ് ദുർബല സംഘടനയാണെന്ന് ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സൗദി സഹമന്ത്രി അഹ്മദ് ഖത്താൻ പറഞ്ഞു. ആഫ്രിക്കൻ യൂനിയനും യൂറോപ്യൻ യൂനിയനും എങ്ങിനെയാണ് ശക്തിയും ആഗോള തലത്തിൽ ശ്രദ്ധേയമായ സ്ഥാനവും കൈവരിച്ചത് എന്ന കാര്യം അറബ് ലീഗ് പഠിക്കുകയും ഇതേപോലെ ശക്തമായ സംഘടനയായി മാറാൻ പ്രവർത്തിക്കുകയും വേണം. ഇതിന് സുദീർഘ വർഷങ്ങളെടുക്കും. മുഴുവൻ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധരുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തണം. സാദാ ജീവനക്കാരെയും സെക്രട്ടറിമാരെയും നിയമിക്കുന്നതിനു പകരം ഇത്തരം വിദഗ്ധരെ അറബ് ലീഗ് ഉപയോഗപ്പെടുത്തണം. ഇതിന് ഭീമമായ ബജറ്റും മുഴുവൻ അറബ് രാജ്യങ്ങളുടെയും സമ്മതവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News