റിയാദ് - അഴിമതി കേസില്‍ മൂന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കം 25 പേര്‍ അറസ്റ്റിലായതായി കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. റോയല്‍ ഗാര്‍ഡില്‍ നിന്ന് മേജര്‍ ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥന്‍, കേണല്‍, ലെഫ്. കേണല്‍ എന്നിവരും 21 വ്യവസായികളും ഒരു അറബ് വംശജനുമാണ് കേസില്‍ അറസ്റ്റിലായത്. സൈനിക ഉദ്യോഗസ്ഥര്‍ റോയല്‍ ഗാര്‍ഡില്‍ കരാര്‍, പര്‍ച്ചേയ്‌സിംഗ് വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.
സ്വന്തം പേരിലും പരിചയക്കാരുടെ പേരിലുമുള്ള കമ്പനികള്‍ക്ക് കരാറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ടെണ്ടര്‍, പര്‍ച്ചേയ്‌സിംഗ് നിയമം ലംഘിക്കുകയും അളവില്‍ കൃത്രിമം നടത്തുകയും ചെയ്ത് സൈനിക ഉദ്യോഗസ്ഥര്‍ ഈ കമ്പനികള്‍ക്ക് അനര്‍ഹമായി പണം വിതരണം ചെയ്യുകയായിരുന്നു. അഴിമതി പണം നേടുന്നതിന് ഇവര്‍ തങ്ങളുടെ ബന്ധുക്കളെ ഉപയോഗിക്കുകയും ചെയ്തു. പണത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തപ്പെടാതിരിക്കുന്നതിന്, അഴിമതി പണം ഉപയോഗിച്ച് സൗദി അറേബ്യക്കകത്തും രാജ്യത്തിന് പുറത്തും സൈനിക ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങള്‍ വാങ്ങുകയും ചെയ്തു. അഴിമതിയിലൂടെ പ്രതികള്‍ നാല്‍പതു കോടി റിയാല്‍ കൈക്കലാക്കിയതായി ഇതുവരെ നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്‍ അന്വേഷണം തുടരുകയാണ്.