തൊടുപുഴ-കോവിഡ് ബാധിതനായി തലസ്ഥാനത്ത് വിശ്രമത്തിലാണെങ്കിലും തൊടുപുഴ മണ്ഡലത്തിലെ പതിനൊന്നാം അങ്കത്തിനായി കേരള കോണ്‍ഗ്രസ്(ജെ) ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ ചുവരെഴുത്ത് തുടങ്ങി. സംസ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്ന് ഉറപ്പായ ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് തൊടുപുഴ. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ ആദ്യ സ്ഥാനാര്‍ഥിത്വവും ജോസഫിന്റേത് തന്നെ. ജോസഫിന്റെ എതിരാളിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുളള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് കെ.ഐ ആന്റണിയും അനൗദ്യോഗികമായി പ്രചാരണം തുടങ്ങി.
അട്ടിമറികള്‍ക്ക് സാധ്യത ഇല്ലാത്ത ഇവിടെ പി.ജെ ജോസഫ് തേടുന്നത് പത്താം ജയമാണ്. 1970ലാണ് പി.ജെ തൊടുപുഴയില്‍ കന്നിജയം നേടിയത്. 91ല്‍ ഇടുക്കി പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു തോറ്റു. 2001ല്‍ പി.ടി തോമസിനോട് മാത്രമാണ് നിയമസഭയിലേക്കുളള വഴിയില്‍ കാലിടറിയത്. കഴിഞ്ഞ തവണ സംസ്ഥാന റെക്കോഡായ 45587 വോട്ടായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയേക്കാള്‍ ഭൂരിപക്ഷം. എസ്.എന്‍.ഡി.പി താലൂക്ക് യൂണിയന്‍ സെക്രട്ടറി അഡ്വ.എസ് പ്രവീണ്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് 28845 വോട്ട് നേടിയിരുന്നു. എല്‍.ഡി.എഫ്- എന്‍.ഡി.എ വോട്ട് വ്യത്യാസം കേവലം 2132 മാത്രമായിരുന്നു.
ഒരിക്കല്‍ ജോസഫിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന, തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. കെ.ഐ ആന്റണി പിന്നീട് മാണി വിഭാഗത്തിലെത്തി. മാണി-ജോസഫ് ലയനം വീണ്ടും ഇരുവരെയും ഒരു പാര്‍ട്ടിയിലാക്കി. ജോസ് വിഭാഗത്തിന്റെ ആവിര്‍ഭാവത്തോടെ ആ പക്ഷത്തെ പ്രമുഖ നേതാവായി എല്‍.ഡി.എഫിലെത്തി.