കോട്ടയം - കേരളാ കോൺഗ്രസ് മഹാസമ്മേളനത്തിന് രണ്ടാഴ്ച ശേഷിക്കേ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമായി. കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ട് 16 മാസങ്ങൾക്കു ശേഷം കോട്ടയത്ത് വീണ്ടും നിർണായക രാഷ്ട്രീയ സമ്മേളനത്തിന് കളം ഒരുങ്ങവേ ഒന്നു വ്യക്തം. ഇടതുചേരിയിലേക്കുളള ദൂരം അനുദിനം കുറയുന്നു. ഇടതുമുന്നണിയിലെ സിപിഐയുടെ നിലപാടും കോൺഗ്രസിലേക്കുളള തിരുവഞ്ചൂരിന്റെ ക്ഷണവും എല്ലാം ഈ മാറ്റത്തിന്റെ പ്രകടമായ സൂചനകളാണ്. പക്ഷേ ഡിസംബർ 14 മുതൽ മൂന്നുദിവസങ്ങളിലായുളള സമ്മേളനം രാഷ്ട്രീയ നിലപാട് പരസ്യപ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്നാൽ എന്നും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന കേരളാ കോൺഗ്രസിന് ഒറ്റയ്ക്ക് ഏറെനാൾ തുഴയാനാവില്ലെന്ന സൂചനയാണുളളത്. കേരളാ കോൺഗ്രസും ഇടതു മുന്നണിയിലെ പ്രത്യേകിച്ച് സിപിഎം നേതൃത്വവുമായി പലതവണ ചർച്ച നടന്നുകഴിഞ്ഞുവെന്നാണ് സൂചന.
യുഡിഎഫിനെ നയിക്കുന്ന കക്ഷിയായ കോൺഗ്രസും മൂന്നാമത്തെ കക്ഷിയായ കേരള കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ മുന്നണി വിടുമെന്ന കടുത്ത നിലപാടിലേക്കു കേരള കോൺഗ്രസ് എം കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് മാറിയത്. അന്ന് ചരൽക്കുന്നിൽ ചേർന്ന ക്യാമ്പിലാണ് മുന്നണി വിട്ട് നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാനുള്ള തീരുമാനം പാർട്ടി ചെയർമാൻ കെ.എം മാണി പ്രഖ്യാപിച്ചത്. തദ്ദേശസ്ഥാപനങ്ങളിൽ തൽസ്ഥിതി തുടരാനും തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തെ കേരളാ കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിന് യോജിപ്പില്ലെന്ന് വാർത്തയുണ്ടായിരുന്നു. കൂടാതെ ചങ്ങനാശേരി എംഎൽഎ സിഎഫ് തോമസും കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തിയും യുഡിഎഫ് വിടാനുളള നീക്കത്തോട് വിയോജിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ പാർട്ടിയിലെ കീഴ് ഘടകങ്ങളിൽ സമഗ്രമായ അഴിച്ചുപണി നടത്തി. പാർട്ടിയുടെ നേതൃത്വം എടുക്കുന്ന തീരുമാനത്തോട് എതിർപ്പുളള പ്രാദേശിക നേതാക്കളുടെ നിര കുറഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ട്. അഴിച്ചുപണിയിലൂടെ വിശ്വസ്തരെ താക്കോൽസ്ഥാനങ്ങളിൽ നിയോഗിച്ചുവത്രെ. കൂടാതെ സിഎഫ് തോമസ് അടക്കമുളള നേതാക്കളുമായും ധാരണയിലെത്തി എന്നാണ് അറിയുന്നത്. കോട്ടയത്തെ ജില്ലാ പ്രസിഡന്റ് ഇ.ജെ ആഗസ്തിക്ക് പകരം സണ്ണി കപിക്കാട് ചുമതലയേറ്റു.
മഹാ സമ്മേളനത്തോടെ പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണി ചുമതലയേൽക്കുമെന്നാണ് കരുതുന്നത്. ആരോഗ്യകാരണങ്ങളാൽ കെ.എം മാണി ചെയർമാൻ പദം ഒഴിയുമെന്നാണ് കരുതുന്നത്. ജോസ് കെ മാണിയുടെ നേതൃത്വത്തോട് എതിർപ്പുളള ചില നേതാക്കൾ പ്രശ്‌നം സൃഷ്ടിക്കാനുളള സാധ്യതയുണ്ട്. ജോസഫ് വിഭാഗത്തിലെ ചില നേതാക്കളിലും മാണി ഗ്രൂപ്പിലെ കുറച്ചുപേരിലും ഇത് ഒതുങ്ങുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മഹാസമ്മേളനത്തിൽ പാർട്ടിയിൽ നേതൃമാറ്റത്തിനപ്പുറം ഒന്നും ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ കോൺഗ്രസ് ക്യാമ്പിലേക്ക് ഇനിയില്ലെന്നാണ് സൂചന. കോൺഗ്രസ് മൂന്നണി സംവിധാനത്തിലേക്കുളള തീരിച്ചു പോകുന്നത് ആത്മഹത്യാപരമെന്നാണ് പ്രബലവിഭാഗത്തിന്റെ കാഴ്ച്ചപ്പാട്. എന്നാൽ സോളാർ കേസിൽ ജോസ് കെ മാണി ആരോപണ വിധേയനായതാണ് ഇടതു മുന്നണിയിലേക്കുളള പ്രവേശനത്തിന് കല്ലുകടിയായി ഒരു വിഭാഗം കാണുന്നത്. ഇക്കാര്യത്തിൽ ജോസ് കെ മാണി കുറ്റമുക്തമാകുമെന്നുതന്നെയാണ് ഔദ്യോഗിക വിഭാഗത്തിന്റെ ബലമായ വിശ്വാസം. മുന്നണിയിലേക്കുളള നീക്കത്തിന് സിപിഎം പച്ചക്കൊടികിട്ടുവരെ കാത്തിരിക്കാനാണ് സാധ്യത.അതിനാൽ തന്നെ ഈ സമ്മേളനത്തിൽ ചില സൂചനകൾ ഉയരുമെന്നല്ലാതെ പരസ്യ നിലപാട് പ്രതീക്ഷിക്കുന്നില്ല.