തൃശൂർ- വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നാടൊരുങ്ങുമ്പോൾ ഞങ്ങക്കൊരു പ്രസിഡന്റിനെ കിട്ട്വോ എന്നാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അവിണിശ്ശേരി പഞ്ചായത്തിലുള്ളവർ ചോദിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷൻമാരെല്ലാം അധികാരത്തിലേറി ഭരണം തുടങ്ങിയിട്ടും ചേർപ്പ് അവിണിശേരി പഞ്ചായത്തിൽ മാത്രം ഇപ്പോഴും പ്രസിഡന്റില്ല, വൈസ് പ്രസിഡന്റുമില്ല. ഇനി നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞേ അവിണിശേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുകയുള്ളൂ. ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വരുന്നതിന് മുൻപ് വേണമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പഞ്ചായത്തിലെ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കില്ല.
പിന്തുണ രാജി രാഷ്ട്രീയം അവിണിശേരിയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും പയറ്റിക്കൊണ്ടിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടു തവണ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണയും യു.ഡി.എഫ് പിന്തുണയോടെ എൽ.ഡി.എഫ് അംഗങ്ങൾ ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ പിന്തുണയോടെ പദവികൾ വേണ്ടെന്ന നിലപാടെടുത്ത് രണ്ടു തവണയും എൽ.ഡി.എഫ് അംഗങ്ങൾ പദവികൾ രാജിവെക്കുകയും ചെയ്തു.
തുടർന്ന് ഇൻ ചാർജ് ഭരണമാണ് അവിണിശേരി പഞ്ചായത്തിൽ നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അവിണിശേരിയിൽ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളുടെ ആവർത്തനമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആകെയുള്ള 14 സീറ്റുകളിൽ ആറെണ്ണമാണ് ബി.ജെ.പിക്കുള്ളത്. അഞ്ചെണ്ണത്തിൽ എൽ.ഡി.എഫും മൂന്നിൽ കോൺഗ്രസുമാണുള്ളത്.
കഴിഞ്ഞ ടേമിൽ ബി.ജെ.പി ഭരിച്ച തൃശൂർ ജില്ലയിലെ ഏക പഞ്ചായത്താണിത്.
ഇക്കുറി രണ്ടു തവണയും അധ്യക്ഷ പദവിയിലെത്താൻ എൽ.ഡി.എഫിന് വോട്ടു ചെയ്ത് യു.ഡി.എഫ് എൽ.ഡി.എഫിന് എട്ടു വോട്ടുകൾ നേടിക്കൊടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമില്ലാത്തതിനാൽ ബജറ്റ് അവതരണം, ഗ്രാമസഭ കൂടൽ എന്നിവയൊന്നും അവിണിശേരി പഞ്ചായത്തിൽ നടന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചാലും അവിണിശേരിയിലെ തെരഞ്ഞെടുപ്പ് ആവേശം ബാക്കിയുണ്ടാകും.