റിയാദ് - കഴിഞ്ഞ ഹിജറ വര്‍ഷം (1438) വാണിജ്യ, നിക്ഷേപ മന്ത്രാലയം 781 ബിനാമി ബിസിനസുകള്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് ഈ കേസുകള്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഏതാനും മലയാളികള്‍ അടക്കം നിരവധി ബിനാമി ബിസിനസ് കേസ് പ്രതികളെ വിവിധ പ്രവിശ്യകളിലെ കോടതികള്‍ അടുത്ത കാലത്ത് ശിക്ഷിച്ചിട്ടുണ്ട്.
ഹിജറ 1437 ല്‍ 450 ബിനാമി ബിസിനസുകളാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മന്ത്രാലയം കണ്ടെത്തിയ ബിനാമി കേസുകളില്‍ 93 ശതമാനത്തോളമാണ് വര്‍ധന. ബിനാമി സംശയിച്ച് 14,701 വാണിജ്യ സ്ഥാപനങ്ങളിലാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. തൊട്ടു മുന്‍വര്‍ഷം 10,503 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.
വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകള്‍ക്കിടെ മറ്റു നിരവധി നിയമ ലംഘനങ്ങളും കണ്ടെത്തി. കഴിഞ്ഞ കൊല്ലം വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരായ 309 കേസുകള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മറ്റു ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് മന്ത്രാലയം കൈമാറി. 1437 ല്‍ ഇത്തരത്തില്‍ പെട്ട 76 കേസുകളാണ് മറ്റു വകുപ്പുകള്‍ക്ക് മന്ത്രാലയം കൈമാറിയത്. ബിനാമി ബിസിനസ് പ്രവണത ഇല്ലാതാക്കുന്നതിന് നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും ബോധവല്‍ക്കരണം ഊര്‍ജിതമാക്കണമെന്നും റിയാദ് വാണിജ്യ, നിക്ഷേപ മന്ത്രാലയ ആസ്ഥാനത്ത് സംഘടിപ്പിച്ച ശില്‍പശാല ആവശ്യപ്പെട്ടു. അക്കൗണ്ടുകള്‍ തുറക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധിച്ച് പണത്തിന്റെ ഉറവിടങ്ങള്‍ നിരീക്ഷിക്കുക, ഇടപാടുകള്‍ മുഴുവന്‍ ബില്ലുകള്‍ വഴിയാക്കുക, ബിനാമി വിരുദ്ധ പോരാട്ട മേഖലയില്‍ ഗവണ്‍മെന്റ് വകുപ്പുകളുടെ ശ്രമങ്ങള്‍ ഏകീകരിക്കുക, സൗദിവല്‍ക്കരണം നടപ്പാക്കുക, വാണിജ്യ മേഖലയില്‍ നീതിപൂര്‍വമായ മത്സരം ഉറപ്പു വരുത്തുക എന്നീ നടപടികളില്‍ ഊന്നല്‍ നല്‍കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം തയാറാക്കിയ ബിനാമി വിരുദ്ധ പദ്ധതി ആവശ്യപ്പെടുന്നു.
ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ബിനാമി ബിസിനസ് കേസുകളില്‍ നിയമ ലംഘകര്‍ക്ക് പിഴ ഉയര്‍ത്തുന്നതിന് നീക്കമുള്ളതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനം പരിഷ്‌കരിക്കാനും നീക്കമുണ്ട്. ബിനാമി ബിസിനസുകളെ കുറിച്ച് മന്ത്രാലയത്തിന് ലഭിക്കുന്ന പരാതികളില്‍ വലിയ വര്‍ധനവുള്ള പശ്ചാത്തലത്തിലാണ് ബിനാമി ബിസിനസ് പ്രവണതക്ക് തടയിടുന്നതിന് ശ്രമിച്ച് പിഴ ഉയര്‍ത്താനും പരിശോധനാ സംവിധാനം പരിഷ്‌കരിക്കാനും മന്ത്രാലയം ആലോചിക്കുന്നത്.