റിയാദ് - 'ബോയിംഗ് 737 മാക്‌സ്' വിമാനങ്ങള്‍ ഉപയോഗിച്ച് സൗദിയിലേക്കും തിരിച്ചും സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി.
യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി, ലോകത്തെ മറ്റു സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ എന്നിവ ആവശ്യമായ എല്ലാ പരിശോധനകളും അവലോകനങ്ങളും പൂര്‍ത്തിയാക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്ത കാര്യം കണക്കിലെടുത്താണ് 'ബോയിംഗ് 737 മാക്‌സ്' വിമാനങ്ങള്‍ ഉപയോഗിച്ച് സൗദിയില്‍ നിന്നും സൗദിയിലേക്കും സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.
സൗദി വിമാന കമ്പനികള്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കുന്നില്ല. എന്നാല്‍ ഏതാനും വിദേശ വിമാന കമ്പനികള്‍ സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കും സൗദി വ്യോമമേഖലയിലൂടെ കടന്നുപോകാനും ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കാന്‍, മാറ്റങ്ങള്‍, ലൈസന്‍സിംഗ്, പരിശീലനം എന്നിവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സമൂഹവുമായി ശക്തമായ ഏകോപനത്തിനു ശേഷമാണ് 'ബോയിംഗ് 737 മാക്‌സ്' വിമാനങ്ങള്‍ക്കുള്ള താല്‍ക്കാലിക വിലക്ക് നീക്കിയതെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു. 'ബോയിംഗ് 737 മാക്‌സ്' വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് വീണ്ടും ഉപയോഗിക്കാന്‍ അനുവദിക്കുന്ന നാവിഗേഷന്‍ അറിയിപ്പ് അതോറിറ്റി പ്രസിദ്ധീകരിച്ചു.