ജിദ്ദ- ഇന്‍റർനാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ (ഐ.ഐ.എസ്.ജിദ്ദ) ഫീസടക്കാത്തതിനെ തുടർന്ന് ഓണ്‍ലൈന്‍ ക്ലാസ് റൂമുകളില്‍നിന്ന് പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് വേണ്ടി സഹപാഠികളുടെ പണപ്പിരിവ്. ക്ലാസുകളില്‍നിന്ന് പുറത്താക്കപ്പെട്ട കുട്ടികളുടെ നിസ്സഹായവസ്ഥ കണക്കിലെടുത്ത് ഓരോ ക്ലാസിലേയും മറ്റു വിദ്യാർഥികള്‍ തന്നെയാണ് 50 ഉം 100 ഉം റിയാല്‍ വീതം ശേഖരിക്കുന്നത്. ഇങ്ങനെ വിദ്യാർഥികള്‍ മുന്‍കൈയെടുത്ത് പണം സ്വരൂപിച്ച് ഏതാനും വിദ്യാർഥികളുടെ ഫീസ് അടച്ചു കഴിഞ്ഞു.
മാസങ്ങളായി ഫീസടക്കാത്ത വിദ്യാർഥികളെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ക്ലാസുകളില്‍നിന്ന് പുറത്താക്കിയിരുന്നത്. ഫീസടക്കാതെ കുടിശ്ശിക നീട്ടിക്കൊണ്ടുപോകുന്ന പ്രവണത നേരത്തെ തന്നെ പ്രകടമാണെങ്കിലും കോവിഡ് പ്രതിസന്ധിക്കിടെ ഇത് വലിയ തോതില്‍ കൂടിയതായി സ്കൂള്‍ അധികൃതർ പറയുന്നു.
കൂടുതല്‍ നടപടികള്‍ ഒഴിവാക്കുന്നതിന് കുടിശ്ശിക ഫീ ഉടന്‍ തന്നെ അടക്കണമെന്ന് ഫെബ്രുവരി രണ്ടിന് രക്ഷിതാക്കള്‍ക്ക് സർക്കുലർ അറിയിച്ചിരുന്നു. കുടിശ്ശിക തീർത്തില്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെടുമെന്നും പ്രൊമോഷന്‍ തടയപ്പെടുമെന്നും സർക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അർഹരായ രണ്ട് ശതമാനം വിദ്യാർഥികള്‍ക്ക് ഫീസിളവ് നല്‍കുന്നതിന് സ്കൂളില്‍ സ്കോളർഷിപ്പ് സംവിധാനം നിലവിലുണ്ട്. ജോലിയും ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പ്രിന്‍സിപ്പലിനെ ബോധ്യപ്പെടുത്തുന്നവർക്ക് ഗഡുക്കളായി ഫീസടക്കുന്നതിന് സൗകര്യം നല്‍കുന്നുമുണ്ട്.
കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ധാരാളം രക്ഷിതാക്കള്‍ മനഃപൂർവം ഫീസ് കുടിശ്ശിക വരുത്തുകയാണ്. കർശന നടപടികളുണ്ടാകില്ലെന്നും പിന്നീട് ഇളവു ലഭിക്കുമെന്നുമുള്ള പ്രതീക്ഷയാണ് ഇതിനുള്ള പ്രേരണ.






