ടെഹ്‌റാന്‍- ഒമാന്‍ കടലിടുക്കില്‍ വ്യാഴാഴ്ച ഇസ്രയേലി ചരക്കുകപ്പലിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇറാനാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ദിനപത്രമായ 'കെയാന്‍' ആണ് സ്‌ഫോടനത്തിന് പിന്നില്‍ ഇറാനും സഖ്യകക്ഷികളുമാണെന്ന് വെളിപ്പെടുത്തിയത്.
ഇസ്രയേല്‍ അയച്ച ചാരക്കപ്പലാണ് തകര്‍ത്തതെന്നാണ് ഇറാന്റെ വാദം. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു കപ്പലെന്നും പത്രം പറയുന്നു. ഒമാനില്‍നിന്ന് ഹോര്‍മുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് സ്‌ഫോടനം നടന്നത്.
സൗദി തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എംവി ഹെലിയോസ് റേ എന്ന ചരക്കുക്കപ്പലാണ് സ്‌ഫോടനത്തില്‍പ്പെട്ടതെന്നാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്രയാദ് ഗ്ലോബല്‍ മാരിടൈ സെക്യൂരിറ്റി ഗ്രൂപ് അറിയിച്ചത്. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചു. ഒന്നര മീറ്ററോളം വ്യാസമുള്ള രണ്ട് ദ്വാരങ്ങള്‍ കാണാം. ആളപായമില്ല.