റിയാദ്- ജമാല്‍ ഖഷോഗിയുടെ കൊലപാതകം സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിഗമനങ്ങളും സൗദി അറേബ്യ പൂര്‍ണമായും തള്ളി.
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗി തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനാണ് അദ്ദേഹം കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത്.
സൗദി പൗരനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് യു.എസ് കോണ്‍ഗ്രസിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. ഹീനമായ കുറ്റകൃത്യത്തില്‍ നിഷേധാത്മകവും തെറ്റായതും അസ്വീകാര്യവുമായ വിലയിരുത്തല്‍ പൂര്‍ണമായും നിരാകരിക്കുന്നുവെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളും നിഗമനങ്ങളുമാണ് റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഖശോഗി വധം നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും ഇത് രാജ്യത്തെ നിയമങ്ങളുടെയും മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങളും, തങ്ങള്‍ ജോലി ചെയ്യുന്ന വകുപ്പുകളുടെ അധികാരങ്ങളും ലംഘിച്ച് ഒരു കൂട്ടം വ്യക്തികളാണ് ഈ കുറ്റകൃത്യം ചെയ്തത്. ഈ വ്യക്തികള്‍ക്കെതിരെ ശരിയായ രീതിയില്‍ അന്വേഷണം നടത്താനും അവരെ നീതിപീഠനത്തിനു മുന്നില്‍ ഹാജരാക്കാനും സൗദി അറേബ്യയിലെ നിയമവ്യവസ്ഥക്കുള്ളില്‍ സാധ്യമായ എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരെ സൗദി കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്. ജമാല്‍ ഖശോഗിയുടെ കുടുംബം ഈ ശിക്ഷാ വിധികളെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
നീതീകരിക്കപ്പെടാത്തതും കൃത്യമല്ലാത്തതുമായ നിഗമനങ്ങളോടെ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തിറക്കിയത് ഖേദകരമാണ്. ഈ നിഷ്ഠൂരമായ കുറ്റകൃത്യത്തെ സൗദി അറേബ്യ വ്യക്തമായി അപലപിച്ചിട്ടുണ്ട്. ഇത്തരം ഒരു ദുരന്തം ഇനി ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണാധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. സൗദി അറേബ്യയുടെ ഭരണാധികാരികള്‍, പരമാധികാരം, നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്നിവക്കെതിരായ അതിക്രമങ്ങള്‍ രാജ്യം ഒരിക്കലും അംഗീകരിക്കില്ല.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണ്. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ എട്ടു ദശാബ്ദങ്ങളായി ഈ പങ്കാളിത്തം നിലനില്‍ക്കുന്നു. വ്യത്യസ്ത മേഖലകളില്‍ ഈ ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നു. മേഖലയിലും ആഗോള തലത്തിലും സുരക്ഷയും സ്ഥിരതയുമുണ്ടാക്കാന്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും ശക്തമായി സഹകരിക്കുകയും ഏകോപനം നടത്തുകയും ചെയ്യുന്നു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളത്തത്തിന്റെ ചട്ടക്കൂടിന് രൂപംനല്‍കിയ ഈ സുദൃഢമായ അസ്തിവാരങ്ങള്‍ നിലനിര്‍ത്താന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നതായും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.