റിയാദ് - മൂന്നംഗ വാഹന കവര്‍ച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് സ്‌പെയര്‍പാര്‍ട്‌സ് ആക്കി വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള രണ്ടു സൗദി യുവാക്കളും എത്യോപ്യക്കാരനുമാണ് അറസ്റ്റിലായത്.
കിഴക്കന്‍ റിയാദിലെ മരുഭൂപ്രദേശത്തെ സ്ഥലത്താണ് മോഷണ വസ്തുക്കള്‍ സംഘം സൂക്ഷിച്ചിരുന്നത്. മോഷ്ടിച്ച എട്ടു കാറുകളും രണ്ടു ഹെവി എക്വിപ്‌മെന്റുകളും പത്തു കണ്ടെയ്‌നര്‍ ആക്രി ഇരുമ്പും ചെമ്പു കമ്പികളും 23 ജനറേറ്ററുകളും രണ്ടു കൂറ്റന്‍ റെഫ്രിജറേറ്ററുകളും 11 ബൈക്കുകളും പ്രതികളുടെ താവളത്തില്‍ കണ്ടെത്തി. സംഘത്തിനെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് പറഞ്ഞു.