തിരുവനന്തപുരം- ചേർത്തല പള്ളിപ്പുറം മെഗാഫുഡ് പാർക്കിൽ ഇ.എം.സി.സിക്ക് നാല് ഏക്കർ ഭൂമി അനുവദിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറുന്നു. കമ്പനിക്കു ഭൂമി അനുവദിക്കേണ്ടതില്ലെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർദേശം നൽകി. സർക്കാർ നടപടികളിൽ സംശയം ഉയരുന്നത് ഒഴിവാക്കാനാണു തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഏക്കറിനു 1.37 കോടിരൂപ നിരക്കിൽ നാല് ഏക്കറിനു 5.49കോടിരൂപ നിശ്ചയിച്ചാണ് ഇ.എം.സി.സിക്കു ഈ മാസം മൂന്നിന് ഭൂമി അനുവദിച്ചത്. ഭക്ഷ്യസംസ്‌കരണ യൂണിറ്റു സ്ഥാപിക്കാൻ 30 വർഷത്തേക്കു ഭൂമി കൈമാറാനായിരുന്നു തീരുമാനം.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കായി ഇഎംസിസിയും വ്യവസായ വികസന കോർപറേഷനും ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും ഒപ്പിട്ട ധാരണാ പത്രം വിവാദമായതിനെത്തുടർന്നു റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമിയും റദ്ദാക്കുന്നത്. ഭൂമി നൽകാൻ തീരുമാനം എടുത്തിട്ടില്ലെന്ന് നേരത്തെ സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.