Sorry, you need to enable JavaScript to visit this website.

കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ നിബന്ധനകൾ റദ്ദാക്കുക -നവോദയ

ദമാം - കോവിഡ് കാരണം പ്രവാസലോകം തൊഴിൽ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ യാത്രാനിബന്ധനകൾ ഒഴിവാക്കണമെന്ന് കിഴക്കൻ പ്രവിശ്യ നവോദയ ആവശ്യപ്പെട്ടു. 
വിദേശങ്ങളിൽനിന്ന് എത്തുന്നവർ പ്രായഭേദമന്യേ മോളിക്യൂലാർ ടെസ്റ്റിന് വിധേയമാകണമെന്നും അതിന്റെ ചെലവ് ഇറങ്ങുന്ന എയർപോർട്ടിൽ അടക്കണമെന്നുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം. അതുവഴി 2000 ത്തോളം രൂപ തൊഴിൽ നഷ്ടപെട്ട് വരുന്ന പ്രവാസി കണ്ടെത്തേണ്ടി വരും. 
ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വളരെ വലുതാണ്. വിദേശത്തു നിന്നും വരുന്നവർക്ക് 72 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ്  നിർബന്ധമാണ്. ഇ-സെൽഫ് ഡിക്ലറേഷനും അതോടൊപ്പം പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടും ഓൺലൈൻ എയർസുവിധാ പോർട്ടലിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം മാത്രമേ യാത്ര സാധ്യമാകൂ. 
സൗദിയിൽ ഈ ടെസ്റ്റിന് 300 റിയാൽ വരെ ചെലവ് വരുന്നുണ്ട്. വിദേശത്തുള്ള വിമാനത്താവളങ്ങളിൽ ടെസ്റ്റുകൾ സൗജന്യമായിരിക്കേ സ്വന്തം പൗരന്മാരായ ആളുകൾ ചെലവ് വഹിക്കണമെന്ന് പറയുന്നത് ഹൃദയശൂന്യമാണ്. പ്രവാസികളുടെ ജീവൽ പ്രശ്‌നങ്ങളിൽ യാതൊരു ഇടപെടലും നടത്താത്ത സർക്കാർ ആണ് കേന്ദ്രം ഭരിക്കുന്നത്. 
നിലവിൽ പലരുടെയും കാരുണ്യത്തിലും അരക്ഷിതാവസ്ഥയിലും പ്രതിസന്ധിയിലും കഴിയുന്ന പാവം തൊഴിലാളികളുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണ്ടതുണ്ട്. കേന്ദ്രസർക്കാർ മോളിക്യുലാർ ടെസ്റ്റിനുള്ള ചെലവ് വഹിക്കാൻ തയാറാകണം. 
കുടുങ്ങിപ്പോയവരെ സഹായിക്കാനും തൊഴിലിടങ്ങളിൽ എത്തിക്കുന്നതിനും തയാറാകണം. കേരളസർക്കാർ ഇതിന് ആവശ്യമായ സമ്മർദം കേന്ദ്രത്തിൽ ചെലുത്തണമെന്നും, പ്രവാസികളുടെ പ്രയാസം ദൂരീകരിക്കണമെന്നും നവോദയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തതായി നവോദയ ഭാരവാഹികൾ അറിയിച്ചു.

പ്രവാസികളോടുള്ള ക്രൂരത കേന്ദ്രസർക്കാർ അവസാനിപ്പിക്കുക -നവോദയ റിയാദ് 

റിയാദ് - രാജ്യാന്തര അഭയാർഥികൾപോലും അനുഭവിക്കാത്ത ക്രൂരതയാണ് പ്രവാസികൾ കേന്ദ്രസർക്കാരിന്റെ നടപടികൾമൂലം അനുഭവിക്കേണ്ടിവരുന്നതെന്ന് നവോദയ റിയാദ് അഭിപ്രായപ്പെട്ടു. വലിയൊരു തുക ചെലവാക്കി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഇന്ത്യയിലെ എയർപോർട്ടുകളിലെത്തുമ്പോൾ അവിടെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടി വരുന്നതും അതിനായി വലിയ തുക നൽകേണ്ടിവരുന്നതും പ്രവാസികളെ പീഡിപ്പിക്കുന്നതിനും കൊള്ളയടിക്കുന്നതിനും തുല്യമാണ്. കുടുംബവുമായി എത്തുന്ന പ്രവാസികൾക്ക് ടെസ്റ്റുകൾക്കായി നൽകേണ്ടി വരുന്നത് ഭാരിച്ച തുകയാണ്. ഇത് സാധാരണ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണ്. കോവിഡ് കാലത്തുടനീളം വലിയ അവഗണനയാണ് കേന്ദ്രസർക്കാരിൽനിന്നും പ്രവാസികൾക്ക് നേരിടേണ്ടി വരുന്നത്. അതിന് ഉദാഹരണമാണ് ദുബായിൽ കുടുങ്ങിക്കിടക്കുന്ന സൗദി, കുവൈത്ത് യാത്രികരായ പ്രവാസികളെ സഹായിക്കാനുള്ള ഒരു നടപടിയും കേന്ദ്രസർക്കാർ ഇതുവരേയും കൈക്കൊള്ളാത്തത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് റിസൾട്ടുമായി വരുന്ന പ്രവാസികൾക്ക് വീണ്ടും ടെസ്റ്റ് നടത്തുന്ന രീതിയിൽനിന്നും പിൻവാങ്ങണമെന്നും കുറഞ്ഞപക്ഷം അവരിൽനിന്നും പണം ഈടാക്കുന്ന രീതിയെങ്കിലും ഒഴിവാക്കണമെന്ന് നവോദയ റിയാദ് അഭ്യർഥിച്ചു. 



 

Latest News