ബംഗളൂരു എഫ്.സി 4- ഡൽഹി ഡൈനാമോസ് 1
ബംഗളൂരു - ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആതിഥേയരായ ബംഗളൂരു എഫ്.സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ ഇന്റർ നാഷണൽ എറിക് പാർത്താലുവിന്റെ രണ്ടു ഗോളുകളിൽ ( 23, 45 മിനിറ്റുകളിൽ) ആതിഥേയർ മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ ലെനി റോഡ്രിഗസും (57ാം മിനിറ്റിൽ) മിക്കുവും (87ാം മിനിറ്റിൽ ) ചേർന്നു ബംഗളൂരുവിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. നൈജീരിയക്കാരൻ കാലു ഉച്ചെയുടെ പെനാൽട്ടി ഗോളിലാണ് ( 86ാം മിനിറ്റിൽ) ഡൽഹി ആശ്വാസം കണ്ടെത്തിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ ആറ് പോയിന്റ് നേടി നവാഗതരായ ബംഗളൂരു എഫ്.സി പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മത്സരം ജയിച്ച ഇരുടീമുകൾ തമ്മിലുള്ള മത്സരം സൂപ്പർ സൺഡേയിലെ ഫുട്ബോൾ വിരുന്നായി മാറി.
ബംഗളൂരുവിന്റെ തുടരെയുള്ള ആക്രമണങ്ങളോടെയാണ് കളി തുടങ്ങിയത്. ഡൽഹി നിലയുറപ്പിക്കുന്നതിനു മുൻപ് തന്നെ ആതിഥേയർ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം മിനിറ്റിൽ എഡുവിന്റെ അളന്നുമുറിച്ച പാസിൽ വെനിസ്വലക്കാരൻ മിക്കുവിന്റെ ഹെഡർ ഡൽഹി ഗോളി അൽബിനോ ഗോമസ് കാഴ്ചക്കാരനായി നിൽക്കെ വന്ന പന്ത് ക്രോസ് ബാറിൽ ഇടിച്ചു പുറത്തേക്ക്. ഡൽഹി കഷ്ടിച്ചു രക്ഷപ്പെട്ടു.
എട്ടാം മിനിറ്റിലാണ് ആദ്യമായി ഡൽഹിയുടെ ആക്രമണം എതിരാളികളുടെ പോസ്റ്റിലേക്കു വന്നത്. കാലു ഉച്ചെയുടെ ഷോട്ട് ബംഗളൂരു എഫ്.സിയുടെ ഗോളി രക്ഷപ്പെടുത്തി. 15 ാം മിനിറ്റിൽ ബംഗളൂരുവിന് ലഭിച്ച രണ്ടാം കോർണറിൽ മിക്കുവിന്റെ ശ്രമം ദൽഹി പ്രതിരോധനിരയിൽ തട്ടി അവസാനിച്ചു. അടുത്ത മിനിറ്റിൽ ഉദാന്ത സിംഗിന്റെ പാസിൽ എഡു ഗാർഷ്യയുടെ ഹെഡ്ഡർ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ആദ്യ 20 മിനിറ്റു കഴിയുമ്പോഴും ബംഗളൂരുവിന്റെ സമ്പൂർണ ആധിപത്യമായിരുന്നു കാണാനായത്.
23-ാം മിനിറ്റിൽ ഗാലറി നിറഞ്ഞ ബംഗളൂരുവിന്റെ ആരാധകർ കാത്തിരുന്ന ഗോൾ വന്നു. സുനിൽ ഛേതിയെ വിനിത് റായ് ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കാണ് ഗോളിനു വഴിയൊരുക്കിയത്. കിക്കെടുത്തത് ജൂവാനൻ. പന്ത് ഹെഡ്ഡറിലൂടെ ഹർമൻജ്യോത് കാബ്ര , മിഡ് ഫീൽഡർ എറിക് പാർത്താലുവിനു നൽകി. ആറടി നാലിഞ്ചു ഉയരക്കാരനായ ഓസ്ട്രേലിയക്കാരൻ എറിക് പാർത്താലു മനോഹരമായ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി (1-0).
കളിക്കാരുടെ ഉയരക്കൂടുതൽ ബംഗളൂരു ശരിക്കും മുതലെടുത്തു. സെന്റർ ബാക്ക് ജോൺ ജോൺസൺ മതിൽകെട്ടി നിന്നതോടെ ഡൽഹിക്കു മുന്നേറുക കടുത്ത വെല്ലുവിളിയായി. ആദ്യ പകുതിയിൽ വിരലിൽ എണ്ണാവുന്ന ഡൽഹിയുടെ നീക്കങ്ങൾ മാത്രമെ ബംഗളൂരുവിന്റെ ഗോൾ മുഖത്തേക്കു വന്നുള്ളു. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച കോർണർ ആണ് ബംഗളൂരുവിന്റെ രണ്ടാം ഗോളിലേക്കു നീങ്ങിയത്. കിക്കെടുത്ത എഡു ഗാർഷ്യ, എറിക് പാർത്താലുവിന്റെ തല ലക്ഷ്യമാക്കി പന്ത് മനോഹരമായി ടേൺ ചെയ്തു . ചാടി ഉയർന്ന ഓസ്ട്രേലിയൻ മിഡ്ഫീൽഡർ, ഗോൾ പോസ്റ്റിന്റെ വലത്തെ മൂലയിലേക്കു പന്ത് ചെത്തിവിട്ടു. ഡൽഹി ഗോളിയെ മറികടന്നു ഗോൾ ലൈൻ മറികടന്ന പന്ത് രക്ഷിക്കാൻ പ്രീതം കോട്ടാൽ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല (2-0).
ബംഗളൂരു എഫ്.സിയുടെ എഡു ഗാർഷ്യയുടെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കുതുടക്കം. ഡൽഹി ഗോളി അൽബിനോ കഷ്ടിച്ചു ഈ ആക്രമണം തടഞ്ഞു. ബംഗളൂരുവിന്റെ പൊസിഷൻ ഫുട്ബോളിനെ മറികടക്കാൻ ദൽഹിക്കു കഴിഞ്ഞില്ല. ഡൽഹി രണ്ടാം പകുതിയിൽ പൗളോ ഡയസിനു പകരം ലുമുവിനെ കൊണ്ടുവന്നു. പക്ഷേ വിധി മാറ്റാൻ കഴിഞ്ഞില്ല.
57-ാം മിനിറ്റിൽ ബംഗളൂരു എഫ്.സി മൂന്നാം ഗോൾ നേടി. സുനിൽ ഛെത്രിയുടെ മനോഹരമായ ഡയഗണൽ പാസ് നെഞ്ചിൽ സ്വീകരിച്ച ഉദാന്ത സിംഗിന്റെ ആദ്യ ശ്രമം ഡൽഹിയുടെ ഗോളി തടുത്തു . റീ ബൗണ്ടിൽ ഓടിവന്ന ലെനി റോഡ്രിഗസ് പന്ത് നെറ്റിലേക്കു പായിച്ചു (30).
അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ലാലിയാൻസുവാലയ്ക്കു പകരം സെയ്ത്യാസെൻ സിംഗിനോയും എഡു ഗാർഷ്യയ്ക്കു പകരം ടോണിയേയും മിരബാജെയ്ക്കു പകരം എഡു മോയെയും ഉദാന്ത സിംഗിനു പകരം നിഷു കുമാറിനേയും ജൂവാനനു പകരം ബ്രൗളിയോയെയും ഇറക്കി. ഇതിനിടെ സുനിൽ ഛെത്രിയെ ഫൗൾ ചെയ്തതിനു ഗുയോൺ ഫെർണാണ്ടസിനു മഞ്ഞക്കാർഡും കിട്ടി.
77- ാം മിനിറ്റിൽ സെയ്ത്യാസൻ സെന്നിന്റെ പിഴവിൽ പന്തു പിടിച്ചെടുത്ത മിക്കുവിനു കിട്ടിയ അവസരം ഡൽഹി ഗോളി അൽബിനോ ഗോമസ് നിലത്തുവീണു അപകടം ഒഴിവാക്കി. കളി അവസാന മിനിറ്റുകളിലേക്കു കടന്നതോടെ ഡൽഹി ഏകദേശം തോൽവി സമ്മതിച്ച മാനസിക നിലയിലായി. ബംഗളൂരു ജയം ഉറപ്പിച്ച ആലസ്യത്തിലും.
ഈ ഘട്ടത്തിലാണ് ആശ്വാസമായി ഡൽഹിക്കു പെനാൽട്ടി കിക്ക് ലഭിക്കുന്നത്. 86 ാം മിനിറ്റിൽ സെയ്ത്യാൻ സെന്നിന്റെ ബോക്സിനകത്തു കയറി തൊടുത്തുവിട്ട ഷോട്ട ബെംഗ്ളുരുവിന്റെ ജോൺ ജോൺസൺ വലതു കൈകൊണ്ടു തടഞ്ഞതിനു കിട്ടിയ പെനാൽട്ടി നൈജീരിയൻ ഇന്റർനാഷണൽ കാലു ഉച്ചെ വലയിലാക്കി ( 3-1). എതിരെ ഗോൾ വന്നതോടെ ബെംഗളുരു ഉഷാറിലായി. 87-ാം മിനിറ്റിൽ സുനിൽ ഛെത്രി നൽകിയ ഡയഗണൽ പാസ് സ്വീകരിച്ച വെനിസ്വലയുടെ താരം മിക്കു ബോക്സിനകത്തു രണ്ട് ഡിഫെൻഡർമാരെയും ഡൽഹി ഗോളിയെ മറികടന്നു പന്ത് വലയിലാക്കി (4-1). ആതിഥേയരായ ബംഗളൂരു എഫ്.സി. 4-4-2 ഫോർമേഷനിലും ഡൽഹി ഡൈനാമോസ് 4-4-1-1 ഫോർമേഷനിലു ആയിരുന്നു ടീമിനെ വിന്യസിച്ചത്.
ബംഗളൂരു എഫ്.സി ഇനി നവംബർ 30നു ഫത്തോർഡ സ്റ്റേഡിയത്തിൽ ആതിഥേയരായ എഫ്.സി ഗോവയേയും ഡൽഹി ഹോം ഗ്രൗണ്ടിൽ ഡിസംബർ രണ്ടിനു നോർത്ത് ഈസ്റ്റ് യൂണൈറ്റിഡിനെയും നേരിടും.