റിയാദ്- ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ (പ്ലീസ് ഇന്ത്യ) കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പരിഗണിക്കും.
വിദേശത്ത് കോവിഡ് പരിശോധന നടത്തി നാട്ടിലെത്തുന്ന പ്രവാസികള്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ വീണ്ടും വന്‍തുക നല്‍കി കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി, ഗ്ലോബല്‍ ഡയരക്ടര്‍ അഡ്വ. ജോസ് എബ്രഹാം എന്നിവര്‍ അറിയിച്ചു.
വിദേശത്തുനിന്ന് വാക്‌സിനേഷന്‍ നടത്തി നാട്ടിലേക്കു വരുന്നവര്‍ പോലും ക്വാറന്റൈന്‍ ഉള്‍പ്പെടെഉള്ള നടപടിക്കു വിധേയരാകണമെന്ന നിബന്ധനയും എടുത്തുകളയണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ വ്യവസ്ഥകളും പാലിച്ചു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വന്‍തുക നല്‍കി വീണ്ടും ടെസ്റ്റ് നടത്തണമെന്നുള്ള നിബന്ധന കടുത്ത സാമ്പത്തിക ചൂഷണം മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനവുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കോവിഡ് രോഗലക്ഷണമുള്ള ഒരാള്‍ക്കും ലോകത്തെ ഒരു എയര്‍പോര്‍ട്ടില്‍നിന്ന് മടക്കയാത്ര അനുവദിക്കില്ലെന്നിരിക്കെ 22 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ വ്യവസ്ഥ ദുരിതത്തിലായ എല്ലാ പ്രവാസികളേയും ദുരന്തത്തിലേക്കും സാമ്പത്തിക പ്രയാസത്തിലേക്കും വലിച്ചിഴക്കുകയാണെന്ന് അഡ്വ. ജോസ് അബ്രഹാമും ലത്തീഫ് തെച്ചിയും പറഞ്ഞു.
വിദേശത്ത് 5,000 രൂപയിലധികം മുടക്കിയാണ് പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുന്നത്. അതിനു ശേഷം 72 മണിക്കൂറിനുള്ളില്‍ വീണ്ടും 2000 രൂപക്കടുത്തുള്ള തുക നല്‍കി മറ്റൊരു ടെസ്റ്റ് കൂടി വേണമെന്ന് നിര്‍ബന്ധിക്കുന്നത് പ്രവാസികളോട് കാട്ടുന്ന കടുത്ത ദ്രോഹമാണ്. കൊറോണ വാക്‌സിന്‍ എടുത്തവര്‍ക്കും കൊച്ചു കുട്ടികള്‍ക്കും ഈ നിബന്ധന ബാധകമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താന്‍ പദ്ധതിയിട്ട പ്രവാസികളെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോവിഡിന്റെ തുടക്കത്തില്‍ വിദേശത്തു നിന്നും വരുന്നവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരണമെന്ന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നുവെന്ന കാര്യവും നേതാക്കള്‍ പത്രക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.