Sorry, you need to enable JavaScript to visit this website.

മതത്തെ കളങ്കപ്പെടുത്താന്‍ തീവ്രവാദികളെ അനുവദിക്കില്ല

റിയാദിൽ ഇന്നലെ ചേർന്ന ഇസ്‌ലാമിക സഖ്യസേന അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് - ഭീകരതക്കെതിരെ അതിശക്തമായി ആഞ്ഞടിക്കുമെന്ന് പ്രഖ്യാപിച്ച് റിയാദിൽ ചേർന്ന 41 അംഗ ഇസ്‌ലാമിക സഖ്യസേനാ രാഷ്ട്രങ്ങളിലെ  പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു. 'സഖ്യസേന ഭീകരതക്കെതിരെ' എന്ന ശീർഷകത്തിൽ നടന്ന സമ്മേളനം സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
ഭീകരതയുടെ ഏറ്റവും വലിയ അപകടം ഇസ്‌ലാമിക വിശ്വാസത്തെ വക്രീകരിക്കലും നിഷ്‌കളങ്കരായ ജനതയെ ചകിതരാക്കലുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നമ്മുടെ മനോഹര  മതത്തെ കളങ്കപ്പെടുത്താന്‍ തീവ്രവാദികളെ അനുവദിക്കില്ല

ഇസ്‌ലാമിക സഖ്യസേന ഈ പ്രവർത്തനം തുടരുന്നതിന് ഒരിക്കലും ഭീകരപ്രവർത്തകരെ അനുവദിക്കില്ല. ഇത്തരം ദുശ്ശക്തികളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുക തന്നെ ചെയ്യും. ഭീകരതക്കെതിരായ ശക്തമായ ചെറുത്തുനിൽപിന് നാം ഈ ദിവസം തുടക്കം കുറിക്കുകയാണ്. ഇന്ന് ലോകരാജ്യങ്ങളിൽ ഭീകരതയുടെ പരാജയം നാം കാണുന്നു.  
ഭീകരതക്കെതിരെ പോരാടുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ രണ്ട് വർഷം മുമ്പ് ഇസ്‌ലാമിക രാഷ്ട്രങ്ങളെ അണിനിരത്തി സഖ്യസേന രൂപീകരിച്ചതിന് ശേഷം മേഖലയിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഭീകരതക്കും തീവ്രവാദത്തിനും എതിരെ ഒറ്റക്കെട്ടായി യോജിച്ച് പോരാടുമെന്ന വ്യക്തമായ സന്ദേശമാണ് 40 ൽ അധികം അറബ്, ഇസ്‌ലാമിക രാഷ്ട്ര പ്രതിനിധികൾ സംബന്ധിക്കുന്ന ഈ സമ്മേളനം നൽകുന്നതെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു. 
ഭീകരാക്രമണങ്ങൾ ചെറുക്കുന്നതിന് സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും വിവരങ്ങൾ കൈമാറിയും പരസ്പരം സഹകരിക്കും. ഈജിപ്തിലെ സിനായിൽ നടന്ന ഭീകരാക്രമണത്തെ കിരീടാവകാശി അപലപിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മുഴുവൻ രാജ്യങ്ങളും ഈജിപ്തിന് പിന്നിൽ അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
ഭീകരതയുടെ വിപത്തിനെതിരായ ഇസ്‌ലാമിക ലോകത്തിന്റെ ജാഗ്രതയാണ് ഈ ഉച്ചകോടിയിലൂടെ പ്രതിഫലിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച റാബിത്വ സെക്രട്ടറി ജനറൽ ശൈഖ് ഡോ. മുഹമ്മദ് അൽഈസ വ്യക്തമാക്കി. ആശയങ്ങളിലെ തീവ്രത എന്നതല്ലാതെ ഭീകരതക്ക് രാഷ്ട്രീയമായോ സൈനികമായോ യാതൊരു അടിത്തറയുമില്ലെന്നും അദ്ദേഹം പറഞ്ഞു. 
നൂറോളം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഐ.എസ് തീവ്രവാദ പ്രസ്ഥാനത്തിൽ ചേക്കേറിയവരിൽ 50 ശതമാനം പേരും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് എന്ന പ്രാഥമിക വിവരം ഞെട്ടിക്കുന്നതാണെന്നും ഡോ. അൽഈസ ചൂണ്ടിക്കാട്ടി. 
ലോകത്ത് നീതിയും സുരക്ഷിതത്വവും പുലർന്നു കാണണമെന്ന ഇസ്‌ലാമിക നിയമ സംഹിതയുടെ ദൃഢനിശ്ചയമാണ് ഈ സമ്മേളനമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ പറഞ്ഞു. 21 ാം നൂറ്റാണ്ടിൽ സമാധാനത്തിനും സുസ്ഥിരതക്കും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരതയെന്ന് ഇസ്‌ലാമിക് സഖ്യസേനാ മേധാവിയും മുൻ പാക്കിസ്ഥാൻ സൈനിക മേധാവിയുമായിരുന്ന ജനറൽ റാഹേൽ ശരീഫ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടന്ന 8000 ഭീകരാക്രമണങ്ങളിൽ 90,000 നിരപരാധികളുടെ ജീവനുകൾ പൊലിഞ്ഞു. പരിക്കേറ്റവരുടെ കണക്ക് ഇതിലും എത്രയോ അധികമാണ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ നാല് രാജ്യങ്ങളിലാണ് ഭീകരാക്രമണത്തിന് ഇരയായി മരിക്കുന്നവരിൽ 70 ശതമാനവുമെന്നും അദ്ദേഹം പറഞ്ഞു. ജോർദാൻ ഇൻഫർമേഷൻ മന്ത്രി ഡോ. മുഹമ്മദ് ഹുസൈൻ, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി ഗവർണർ ഡോ. അഹ്മദ് ബിൻ അബ്ദുൽ കരീം അൽഖുലൈഫി, തുർക്കി പ്രതിരോധ മന്ത്രി നൂറുദ്ദീൻ ജാൻകി, ബഹ്‌റൈൻ പ്രതിരോധ മന്ത്രി മേജർ ജനറൽ യൂസുഫ് അഹ്മദ് അൽജലാഹിമ എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
സഖ്യസേനാ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർക്ക് പുറമെ, ഏതാനും സുഹൃദ്‌രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഇസ്‌ലാമിക സഖ്യസേനയിലെ വിവിധ മേഖലകളിലെ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. 
ഭീകരതക്ക് സാമ്പത്തിക സഹായം നൽകുന്നത് ഫലപ്രദമായി ചെറുക്കുന്നതിനെ കുറിച്ചും നിലവിൽ മേഖല നേരിടുന്ന പ്രതിസന്ധികളെയും ഭാവി പ്രവർത്തന രൂപരേഖ തയാറാക്കുന്നതിനെ സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്തു. കൂടാതെ അംഗരാജ്യങ്ങളിൽ സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിന് ആവശ്യമായ കാര്യങ്ങളിൽ യോജിച്ചുള്ള പ്രവർത്തനങ്ങളും വിഷയീഭവിച്ചു.

Latest News