ആലപ്പുഴ- വയലാറിൽ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം മുന്‍കൂട്ടി ആസുത്രണം ചെയ്തതാണെന്ന് എഫ്ഐആർ. പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നുവെന്നും നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സൂക്ഷിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറുമാണ് ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറിയതെന്നും പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി എട്ടോടെ വയലാർ നാഗംകുളങ്ങര കവലയിലായിരുന്നു കൊലപാതകം. എസ്.ഡി.പി.ഐ-ആർ.എസ്.എസ് സംഘർഷത്തിനിടെയാണ് ആർഎസ്എസ് ശാഖ ഗണനായക് വയലാർ തട്ടാംപറമ്പ് നന്ദു കൃഷ്ണന്‍ (22) കൊല്ലപ്പെട്ടത്.
കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് എസ്.ഡി.പി.ഐ ഇവിടെ പ്രചാരണ ജാഥ നടത്തിയിരുന്നു. ഇതിലെ പ്രസംഗത്തിലെ പരാമർശങ്ങളുടെ ആർ.എസ്.എസ് പ്രതിഷേധിച്ചു. വൈകിട്ട് ഇരുവിഭാഗവും പ്രകടനം നടത്തി. പിരിഞ്ഞുപോയ പ്രവർത്തകർ തമ്മിൽ കല്ലേറും സംഘർഷവുമുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.