Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സുപ്രധാന മേഖലയില്‍ നിതാഖാതില്‍ മാറ്റം; വിശദവിവരങ്ങള്‍

റിയാദ് - ടെലികോം, ഐ.ടി മേഖലക്ക് ബാധകമായ സൗദിവല്‍ക്കരണത്തില്‍ ഭേദഗതികള്‍ വരുത്തി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ഉത്തരവിട്ടു.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിലെ നാഷണല്‍ ടെലികോം, ഐ.ടി കമ്മിറ്റിയും തമ്മിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഭേദഗതികളെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ശഅ്ബാന്‍ ഒന്നു (മാര്‍ച്ച് 14) മുതല്‍ ഇത് പ്രാബല്യത്തില്‍വരും.

സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്തില്‍ ടെലികോം, ഐ.ടി എന്ന മേഖല റദ്ദാക്കിയിട്ടുണ്ട്. പകരം ഏഴു മേഖലകള്‍ പുതുതായി സൃഷ്ടിച്ചു. ഐ.ടി ഓപ്പറേഷന്‍സ്-റിപ്പയര്‍, ടെലികോം ഓപ്പറേഷന്‍സ്-റിപ്പയര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍, ഐ.ടി സൊല്യൂഷന്‍സ്, ടെലികോം സൊല്യൂഷന്‍സ്, പോസ്റ്റല്‍ സേവനം എന്നീ ഏഴു മേഖലകളാണ് നിതാഖാത്തില്‍ പുതുതായി സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ ഓരോ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം സൗദിവല്‍ക്കരണ അനുപാതമാണ് ബാധകം. ഇതുവരെ ടെലികോം, ഐ.ടി മേഖലയെ മൊത്തത്തില്‍ പരിഗണിച്ചുള്ള സൗദിവല്‍ക്കരണ അനുപാതമാണ് സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിരുന്നത്.
ഏറെ പ്രധാനമായ മേഖലയായ ടെലികോം, ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമീകരിക്കാനും സ്വദേശികള്‍ക്ക് അനുയോജ്യവും മികച്ചതുമായ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദിവല്‍ക്കരണ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
പുതിയ ഭേദഗതികള്‍ പ്രകാരം ഐ.ടി സൊല്യൂഷന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ 19 ശതമാനം വരെ സൗദിവല്‍ക്കരണം പാലിച്ചാല്‍ ചുവപ്പിലാകും. 20 മുതല്‍ 27 വരെ ശതമാനം സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ ഇളം പച്ചയിലും 28 മുതല്‍ 37 ശതമാനം വരെ സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ ഇടത്തരം പച്ചയിലും 38 മുതല്‍ 54 ശതമാനം വരെ സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ ഉയര്‍ന്ന പച്ചയിലും 55 ശതമാനവും അതില്‍ കൂടുതലും സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ പ്ലാറ്റിനം വിഭാഗത്തിലുമാകും.
ഈ വിഭാഗത്തില്‍ പെട്ട, 50 മുതല്‍ 99 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 28 ശതമാനം വരെയും 100 മുതല്‍ 199 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 31 ശതമാനം വരെയും 200 മുതല്‍ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 34 ശതമാനം വരെയും 500 മുതല്‍ 2,999 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 37 ശതമാനം വരെയും 3,000 വും അതില്‍ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 40 ശതമാനം വരെയും സൗദിവല്‍ക്കരണം പാലിക്കുന്നത് സ്ഥാപനങ്ങളെ ചുവപ്പില്‍ നിലനിര്‍ത്തും.
ഐ.ടി ഓപ്പറേഷന്‍സ്, റിപ്പയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം 16 ശതമാനം വരെയായാല്‍ ചുവപ്പിലും 17 മുതല്‍ 20 ശതമാനം വരെയായാല്‍ ഇളം പച്ചയിലും 21 മുതല്‍ 25 ശതമാനം വരെയായാല്‍ ഇടത്തരം പച്ചയിലും 26 മുതല്‍ 34 ശതമാനം വരെയായാല്‍ ഉയര്‍ന്ന പച്ചയും 35 ശതമാനവും അതില്‍ കൂടുതലുമായാല്‍ പ്ലാറ്റിനം വിഭാഗത്തിലുമാകും.

 

Latest News