കൊച്ചി- ദേശീയധാര അംഗീകരിച്ചുവന്നാൽ മുസ്ലിം ലീഗിനെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് വിരോധവുമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുസ്‌ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എൻ.ഡി.എ യോടൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കും. കശ്മീരിൽ ബി.ജെ.പി. അവിടുത്തെ നാഷണൽ കോൺഫ്രൻസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനർചിന്തനത്തിന് തയ്യാറായാൽ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണെന്നും മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.