Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാർക്ക് വമ്പൻ തോൽവി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കൊൽക്കത്തക്കെതിരെ ഗോൾ നേടിയ പൂനെയുടെ രോഹിത് കുമാർ.

പൂനെ സിറ്റി എഫ്.സി 4 - എ.ടി.കെ 1

കൊൽക്കത്ത-ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയെ സന്ദർശകരായ പൂനെ സിറ്റി തരിപ്പണമാക്കി. എതിരാളികളുടെ തട്ടകത്തിൽ മികച്ച കളി പുറത്തെടുത്ത പൂനെ സിറ്റി എഫ്.സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് കൊൽക്കത്തയെ തകർത്തു. കൊൽക്കത്തയുടെ ഐ.എസ് എല്ലിലെ ഏറ്റവും വലിയ തോൽവിയാണിത്.
ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ഇതുവരെ സെമിഫൈനലിൽ കടക്കാൻ കഴിയാത്ത ടീമാണ് പൂനെ. രണ്ടു തവണ ചാമ്പ്യന്മാരായ എ.ടി.കെയെ അവരുടെ തട്ടകത്തിൽ പൂനെ തരിപ്പണമാക്കിയത് അവിശ്വസനീയമായി.
പൂനെ സിറ്റിക്കെതിരെ ഇതിനു മുൻപ് നടന്ന ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും എ.ടി.കെയ്ക്കു തോൽക്കേണ്ടി വന്നിരുന്നു. ചരിത്രം ആവർത്തിക്കുകയായിരുന്നു.
പൂനെ സിറ്റിക്കു വേണ്ടി മാഴ്സിലീഞ്ഞ്യോ രണ്ട് ഗോളുകൾ നേടി ( 12, 60 മിനിറ്റിൽ), രോഹിത് കുമാർ (51ാം മിനിറ്റിൽ) എമിലിയാനോ അൽഫാരോ (80ാം മിനിറ്റിൽ) എന്നിവർ ഓരോ ഗോളുകളും. കണ്ടെത്തി. കൊൽക്കത്തയുടെ ആശ്വാസ ഗോൾ ബിപിൻ സിംഗും (50ാം മിനിറ്റിൽ) നേടി. ആദ്യ പകുതിയിൽ ബ്രസീലിയൻ മുൻ നിര താരം മാഴ്സിലീഞ്ഞ്യോ  നേടിയ ഗോളിൽ പൂനെ സിറ്റി എഫ്.സി 1-0 നു മുന്നിട്ടു നിന്നു. രണ്ട് ഗോൾ നേടുകയും രണ്ട് ഗോളുകൾക്ക് പിന്തുണ നൽകുകയും ചെയ്ത മാഴ്സിലീഞ്ഞ്യോയാണ് മാൻ ഓഫ് ദി മാച്ച്.
മൂന്നു മാറ്റങ്ങളോടെയാണ് പൂനെ കോച്ച് റാങ്കോ പോപോവിച്ച് രംഗത്തെത്തിയത്. സാർത്തക്ക്, ജോനാഥൻ ലൂക്ക, ജുവൽ രാജ എന്നിവർക്കു പകരം ബൽജിത് സാഹ്്നി, ഐസക്ക് എന്നിവരെ ഇറക്കി. പ്രതിരോധ നിരക്കാരനായാണ് ബൽജിത് ഇറങ്ങിയത്. പൂനെ 4-2-3-1 ഫോർമേഷനിലായിരുന്നു.
കൊൽക്കത്തയും ഒരു മാറ്റം വരുത്തി. റൂപർട്ടിനു പകരം ബിപിൻ സിംഗിനെ കൊണ്ടുവന്നു. കൊൽക്കത്ത 4-1-4-1 ഫോർമേഷനും വരുത്തി. എൻജാസി കുഗ്വി മാത്രം അടങ്ങുന്ന ഏകാംഗ മുന്നേറ്റ നിരയാണ് ആവിഷ്‌കരിച്ചത്.
ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ രണ്ടു ടീമുകൾക്കും ഓരോ കോർണറുകൾ ലഭിച്ചുവെങ്കിലും ഗോൾ നീക്കങ്ങൾ ഒന്നും വന്നില്ല. ആറാം മിനിറ്റിൽ പൂനെയുടെ ബോക്സിനു 30 വാര മുന്നിൽ എ.ടി.കെക്കു കിട്ടിയ ഫ്രീ കിക്ക് ഗോൾ മുഖത്ത് ഫാന ഹെഡ് ചെയ്തു അപകടം ഒഴിവാക്കി. എട്ടാം മിനിറ്റിൽ ലിങ്ദോയുടെ ദുർബലമായ ഷോട്ട് പൂനെ ഗോളി അനായാസം കരങ്ങളിലൊതുക്കി.
കളിച്ചത് കൊൽക്കത്തയും ഗോൾ നേടിയത് പൂനെയുമായി. തുടരെ വന്ന കൊൽക്കത്തയുടെ ആക്രമണങ്ങൾക്കു കിട്ടിയ പ്രഹരമായിരുന്നു പൂനെ സിറ്റിയുടെ ഗോൾ. 12-ാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെയാണ് ഗോളി നീട്ടി നൽകിയ പന്ത് ടോം തോർപ്പിനു ക്ലിയർ ചെയ്യാൻ അവസരം ലഭിക്കുന്നതിനു മുമ്പ് കവർന്നെടുത്ത എമിലിയാനോ അൽഫാരോ ബോക്സിലേക്കു ഓടിയെത്തിയ മാഴ്സിലീഞ്ഞ്യോയ്ക്കു ക്രോസ് ചെയ്തു കൊടുത്തു. ഓപ്പൺ സ്പേസിൽ കിറുകൃത്യമായി പന്ത് എടുത്ത മാഴ്സീലീഞ്ഞ്യോ വലംകാലനടിയിലൂടെ കൊൽക്കത്തയുടെ വല കുലുക്കി (10). ടോം തോർപ്പിന്റെ പിഴവിൽ, മജീഷ്യൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പൂനെയുടെ ക്യാപ്റ്റൻ കൂടിയായ മാഴ്സിലീഞ്ഞ്യോയുടെ ഗോൾ തിങ്ങിനിറഞ്ഞ ഗാലറിയെ നിശ്ശബ്ദമാക്കി.
24-ാം മിനിറ്റിൽ സെക്യൂഞ്ഞയിലൂടെ കൗണ്ടർ അറ്റാക്കിനുള്ള കൊൽക്കത്തയുടെ ശ്രമം പൂനെയുടെ ഗോൾ കീപ്പറുടെ കരങ്ങളിൽ അവസാനിച്ചു. 27-ാം മിനിറ്റിൽ സെക്യൂഞ്ഞ പൂനെയുടെ പ്രതിരോധ നിരക്കാരെ ഒന്നിനു പിന്നാലെ മറികടന്നു വന്ന സോളോ അറ്റാക്കും തുടർന്നുള്ള ബുള്ളറ്റ് ഷോട്ട് പുനെ ഗോളി കമൽജിത് സിംഗ് തടുത്തിട്ടു. റീബൗണ്ടിൽ ഓടിയെത്തിയ ഹിതേഷിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ കൊൽക്കത്ത ഇംഗ്ലീഷ് താരം എൻജാസി കുഗിയിലൂടെ തുടരെ നടത്തിയ ശ്രമങ്ങൾ ഫലിച്ചില്ല. ഇതിനിടെ കൊൽക്കത്തയുടെ യൂജിൻസൻ ലിങ്ദോയ്ക്കു പരുക്കൻ അടവിനു മഞ്ഞക്കാർഡും വാങ്ങേണ്ടി വന്നു.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ തന്നെ കൊൽക്കത്ത ഗോൾ മടക്കി. 49 ാം മിനിറ്റിൽ മാഴ്സിലീഞ്ഞ്യോ കൊൽക്കത്തയുടെ സെക്യൂഞ്ഞയെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീകിക്കാണ് ഗോളിനു വഴിയൊരുക്കിയത്. പെനൽറ്റി ബോക്സിനു 30 വാര അകലെ കിട്ടിയ ഫ്രീ കിക്ക് എടുത്ത മണിപ്പൂർ താരം ബിപിൻ സിംഗ് ഗോളാക്കുകയായിരുന്നു. ബിപിൻ സിംഗിന്റെ കിക്ക് പൂനെയുടെ കളിക്കാരുടെ തലയ്ക്കു മുകളിലൂടെ വളഞ്ഞു ക്രോസ്ബാറിൽ ഇടിച്ചു വലയിലേക്കു ഊളിയിട്ടു. (1-1).
കൊൽക്കത്തയുടെ ഈ സന്തോഷം അൽപ്പായുസ്സായി. അടുത്ത മിനിറ്റിൽപൂനെ വീണ്ടും മുന്നിൽ. മാഴ്സിലീഞ്ഞ്യോ എടുത്ത കോർണറിൽ ചാടി ഉയർന്ന രോഹിത് കുമാർ ഹെഡറിലൂടെ പന്ത് കൊൽക്കത്തയുടെ നെറ്റിലേക്കു ചെത്തിയിട്ടു (2-1). ഗോൾ മടക്കിയ സന്തോഷത്തിൽ കൊൽക്കത്ത കോർണർ കിക്ക് എടുക്കുമ്പോൾ എതിർ കളിക്കാരെ കാര്യമായി മാർക്ക് ചെയ്യാൻ ശ്രമിച്ചില്ല. ഇത് പൂനെ മുതലെടുത്തു. 59-ാം മിനിറ്റിൽ ഹിതേഷിനു പകരം കൊൽക്കത്ത റോബിൻ സിംഗിനെ കൊണ്ടുവന്നു. ഇതിനു പിന്നാലെ 60-ാം മിനിറ്റിൽ പൂനെ ലീഡുയർത്തി. ഡീഗോ കാർലോസ്, മാഴ്്സിലീഞ്ഞ്യോ, അൽഫാരോ, മാർക്കോസ് ടെബാർ എന്നിവരുടെ സംയുക്ത ശ്രമാണ് ഗോളായി മാറിയത്. കൊൽക്കത്തയുടെ കുത്തഴിഞ്ഞ പ്രതിരോധം പൂനെ മുതലെടുത്തു. കാർലോസിന്റെ പാസ് ബോക്സിനകത്തു നിന്ന ടെബാർ ഹെഡറിലുടെ മാഴ്സിലീഞ്ഞ്യോയിലേക്കും തുടർന്ന് മാഴ്സിലീഞ്ഞ്യോയുടെ വെടിയുണ്ട ഷോട്ട് മുന്നിൽ വന്ന കൊൽക്കത്തയുടെ ക്യാപ്റ്റൻ ജോർഡി മൊണ്ടാലിന്റെ കാലിൽ തട്ടി കൊൽക്കത്തയുടെ ഗോളി ദേബജിതിന്റെ കണക്കുകൂട്ടലുകൾ തകർത്തു വലയിലേക്കു കയറുകയായിരുന്നു. (3-1). എൺപതാമത്തെ മിനിറ്റിൽ എമിലിയാനോ അൽഫാനോയാണ് നാലാം ഗോൾ നേടിയത്.

 

 

Latest News