Sorry, you need to enable JavaScript to visit this website.

പ്രവാസികളെ പ്രയാസപ്പെടുത്തുന്ന നിയമം  പിൻവലിക്കണം -ഐ.എം.സി.സി 

ജിദ്ദ- കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ അപ്രായോഗിക യാത്രാ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് സൗദി ഐ.എം.സി.സി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. യാത്രക്ക് 72 മണിക്കൂർ മുന്നേ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയിരിക്കെ നാട്ടിൽ ഇറങ്ങിയാലും പ്രസ്തുത ടെസ്റ്റ് ആവർത്തിക്കണമെന്ന നിഷ്‌കർഷത പ്രവാസികളെ കടുത്ത ദുരിതത്തിലാക്കുകയാണ്. ഏകദേശം 3000 ത്തോളം രൂപ ചെലവഴിച്ചു വിദേശത്ത് ടെസ്റ്റ് നടത്തി നാട്ടിൽ എത്തുന്നവർ മണിക്കൂറുകൾക്ക് ശേഷം ഒരേ ആവശ്യത്തിന് വീണ്ടും ഭീമമായ തുക ചെലവഴിക്കേണ്ടി വരുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർ ഇതിനായി ചിലവഴിക്കേണ്ടി വരുന്നത് ഭീമമായ സംഖ്യയാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സർക്കാർ അടിയന്തരമായി നിയമങ്ങൾ പിൻവലിക്കണം.
ഏകദേശം ഒരു വർഷത്തോളം കോവിഡ് പ്രതിസന്ധിയുടെ കാരണത്താൽ നാട്ടിൽ കഴിയേണ്ടി വന്ന പ്രവാസികൾ ഏറെ പ്രയാസപ്പെട്ട് ഏകദേശം ലക്ഷത്തോളം രൂപ ചെലവഴിച്ചു സൗദിയിലേക്കും കുവൈത്തിലേക്കും മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് ദുബായിൽ കുടുങ്ങിയത്. ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ടു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളെ സംബന്ധിച്ച് ഈ കോവിഡ് ടെസ്റ്റുകളുടെ പരമ്പര വഴിയുള്ള സാമ്പത്തിക ബാധ്യത ഒരു നിലക്കും താങ്ങാൻ കഴിയാത്തതാണ്. ഈ പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കി സർക്കാർ മാനുഷിക സമീപനം കൈകൊണ്ടു നിയമത്തിൽ ഉടൻ ഇളവ് വരുത്തണമെന്ന് സൗദി ഐ.എം. സി.സി ഭാരവാഹികളായ എ.എം അബ്ദുല്ല കുട്ടി, 
ഹനീഫ് അറബി, നാസർ കുറുമാത്തൂർ, മുഫീദ് കൂരിയാടൻ എന്നിവർ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോടും ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുകളുമായി ബന്ധപ്പെട്ടു അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന് കേരള ഗവൺമെന്റിനോടും ആവശ്യപ്പെട്ടു.

Latest News