തിരുവനന്തപുരം- കേരളത്തിൽ ഐ.എസ്(ഇസ്‌ലാമിക് സ്റ്റേറ്റ്) എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങളെ പറ്റി പോലീസ് അന്വേഷണം നടത്തുകയാണെന്നും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ഇത്തരം സന്ദേശങ്ങളുടെ വാസ്തവം ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പോലീസ് അന്വേഷിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലെന്ന നിലയിൽ ആവശ്യമായ ജാഗ്രത പുലർത്തുന്നതിനുമായി ഇത്തരം ഭീഷണികൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് ജാഗ്രതാ നിർദ്ദേശങ്ങളും സാധാരണയായി നൽകാറുണ്ട്. സുരക്ഷയെ മുൻനിറുത്തി പൊതു സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും പോലീസ് നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്. ഈ നടപടികളെല്ലാം സാധാരണയായുള്ള പോലീസ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും ഇതേപ്പറ്റി ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് ഇരകളാകരുതെന്നും അവ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.