റിയാദ് - 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ 1800 രൂപ ചെലവിൽ വീണ്ടും ടെസ്റ്റിനായി നിർബന്ധിക്കുന്ന കാടത്തനിയമം പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു അധികാരികൾക്ക് അടിയന്തര ഇമെയിൽ പി.എം.എഫ് ഗ്ലോബൽ, നാഷണൽ, കേരള ഘടകങ്ങൾ കേന്ദ്ര-കേരള സർക്കാരുകൾക്ക് അയച്ചു.
യാത്ര തിരിക്കുന്ന സൗദിയിൽ കോവിഡ് ടെസ്റ്റിനായി 200 റിയാൽ കൊടുത്തിട്ട് നാട്ടിലും ഇതിനു ഫീസ് വാങ്ങുന്നത് അന്യായവും പകൽ കൊള്ളയുമാണ്. ഒരു ചെറിയ കുടുംബ യാത്ര ചെയ്യുന്നുവെങ്കിൽ ഏകദേശം 8000 ൽ അധികം രൂപ ചെലവാക്കേണ്ട അവസ്ഥ ആണിപ്പോൾ. നാട്ടിൽ യാതൊരു നിബന്ധനകളും ഇല്ലാതെ കോവിഡ് കാലം രാഷ്ട്രീയ പാർട്ടികളും പൊതുജനവും ആഘോഷിക്കുമ്പോൾ വിദേശത്തെ എല്ലാ നിയമങ്ങളും പാലിച്ചു കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു എത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കണ്ണിൽ ചോരയില്ലാത്ത നടപടികളിൽ നിന്ന് സർക്കാരുകൾ പിൻവാങ്ങണമെന്ന് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ ഡോ. അബ്ദുൽ നാസർ, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ് എന്നിവർ ആവശ്യപ്പെട്ടു.