ദുബായ്- വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവര്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണമെന്ന പുതിയ നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയായി. അടിയന്തര ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍പോലും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതിനാല്‍ പലരും യാത്ര റദ്ദാക്കുകയാണ്.
നിയമം പ്രാബല്യത്തിലായശേഷം നാട്ടില്‍ ചെന്നിറങ്ങിയവരും വലിയ ആശയക്കുഴപ്പത്തിലാണ്. അനിശ്ചിതത്വവും അധിക പണച്ചെലവും സമയനഷ്ടവുമാണ് ഏറെപ്പേരെയും അലട്ടുന്നത്. ഇതിനെതിരേ വിവിധ സംഘടനകളും സാമൂഹികപ്രവര്‍ത്തകരും രംഗത്തെത്തിക്കഴിഞ്ഞു. ഇക്കാര്യം കേന്ദ്ര മന്ത്രി വി. മുരളീധരനോട് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പുച്ഛത്തോടെയായിരുന്നു പ്രതികരണം. കോവിഡല്ലേ, അങ്ങനെ പലതുമുണ്ടാകുമെന്ന് പറഞ്ഞാണ് അദ്ദേഹം ചോദ്യം ഒഴിവാക്കിയത്.
പ്രവാസികള്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം നോര്‍ക്കയും ആരോഗ്യവകുപ്പും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. മരണംപോലെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കിലും എയര്‍സുവിധ ആപ്പില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത് അനുമതി നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ യാത്ര ചെയ്യാനാവൂ.
യാത്രചെയ്യുന്നവരുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും സുരക്ഷ മുന്‍നിര്‍ത്തി കോവിഡ് പരിശോധന നടത്തണമെന്നത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. എങ്കിലും ഇത്രയധികം കോവിഡ് പരിശോധന നടത്തുന്നതില്‍നിന്നും ഏതെങ്കിലും ഒരു ടെസ്റ്റ് ഒഴിവാക്കണമെന്നാണ് ആവശ്യം.
ഫലത്തില്‍ മൂന്നു ടെസ്റ്റുകളാണ് 10 ദിവസത്തിനിടെ നടത്തേണ്ടിവരുന്നത്. പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള പരിശോധന, വിമാനത്താവളത്തില്‍ എത്തിയാല്‍ അവിടെയൊരു പരിശോധന, പിന്നെ 7 ദിവസം ക്വാറന്റൈന്‍ ഇരുന്ന ശേഷം അടുത്ത പരിശോധന.
ഇതിനെല്ലാമുള്ള ചെലവും യാത്രക്കാര്‍ തന്നെ വഹിക്കണം. കുടുംബത്തോടൊപ്പം വരുന്നവര്‍ക്ക് വന്‍ ബാധ്യതയാണ് ഇതോടെ വരുന്നത്. മാത്രമല്ല 12-16 മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിയും വരുന്നു.
നാട്ടില്‍ രാഷ്ട്രീയക്കാര്‍ ഒരു കോവിഡ് മാനദണ്ഡവും പാലിക്കാതെ രാഷ്ട്രീയ പരിപാടികള്‍ നടത്തുമ്പോഴാണ് പ്രവാസിളോട് ഈ ക്രൂരത. പ്രായവ്യത്യാസമില്ലാതെയാണ് പുതിയ പരിശോധനാ നിബന്ധന. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായി ഇടപെടണമെന്നാണ് മലയാളികളായ പ്രവാസികളുടെ ആവശ്യം.
പ്രതിരോധകുത്തിവെപ്പ് രണ്ട് ഡോസും പൂര്‍ത്തിയാക്കിയ പ്രവാസികളെപ്പോലും ഒഴിവാക്കിയിട്ടില്ല.